ചാനൽ ചർച്ചകളിലെത്തുന്ന ബി ജെ പി നേതാവിനെ സ്ഥാനാർത്ഥിയാക്കിയില്ല, വിജയപ്രതീക്ഷയുണ്ടായിരുന്ന മണ്ഡലത്തിലെ വോട്ടു കച്ചവടത്തിൽ ആർ.എസ്.എസ് നേതാവും?

Thursday 06 May 2021 10:17 AM IST

കൊച്ചി: തൃപ്പൂണിത്തുറയിലെ വോട്ട് കച്ചവട വിവാദം വഴിത്തിരിവിലേക്ക്. ഒരു പ്രമുഖ ആർ.എസ്.എസ്.നേതാവിനും ഒരു സംസ്ഥാന നേതാവിന്റെ സഹോദരനും വോട്ടുകച്ചവടത്തിൽ പങ്കുണ്ടെന്ന സൂചനകൾ പുറത്തുവരുന്നു. മൂന്ന് മാസം മുമ്പായിരുന്നു ഡീൽ നടന്നതെന്നാണ് ബി.ജെ.പിക്ക് ലഭിച്ച രഹസ്യവിവരം. ഇക്കാര്യം ചർച്ച ചെയ്യാൻ തിരഞ്ഞെടുപ്പ് സമിതി വിളിച്ച് ചേർക്കണമെന്ന് ആവശ്യവുമായി ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്.

അണിയറക്കഥ

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ പ്രതിനിധിയായി കുമ്മനം രാജശേഖരനാണ് എറണാകുളത്ത് ജില്ലാ ടീമിന്റെ അഭിപ്രായം തേടാനെത്തിയത്. ഒരു ബി.ജെ.പി നേതാവിന്റെ സഹോദരനെയോ ചാനൽ ചർച്ചകളിൽ സജീവമായ നേതാവിനെയോ സ്ഥാനാർത്ഥി ആക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. കെ.എസ്.രാധാകൃഷ്ണൻ സ്ഥാനാർത്ഥിയായി എത്തിയതോടെ ഇടപെടലുകൾ ശക്തമായി.

സംസ്ഥാന നേതാവിന്റെ സഹോദരൻ സ്ഥാനാർത്ഥിയെ നേരിട്ട് വിളിച്ച് പിന്മാറാൻ ആവശ്യപ്പെട്ടു. നേരത്തെ ആർ.എസ്.എസ് സംസ്ഥാന ഘടകത്തിന്റെ ചുമതലയിലുണ്ടായിരുന്ന നേതാവ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി പ്രവർത്തനത്തിന്റെ മുഴുവൻ ചുമതലയും നേതാവിന്റെ സഹോദരന് കൈമാറണമെന്ന് ആവശ്യട്ടെങ്കി ഫലമുണ്ടായില്ല. തുടർന്ന് മണ്ഡലത്തിൽ പ്രവർത്തനം മരവിപ്പിച്ചതായാണ് ഇപ്പോൾ ഉയർന്ന ആരോപണം. ശബരിമല കർമസമിതിയുടെ പേരിൽ യു.ഡി.എഫിന് വോട്ട് ചെയ്യാൻ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് ഇവരെ സംശയിക്കുന്നു.

Advertisement
Advertisement