കുഴൽപ്പണക്കവർച്ച: പണം കിട്ടിയവരിൽ ചിലർ തിരികെ നൽകിത്തുടങ്ങി

Friday 07 May 2021 12:00 AM IST

തൃശൂർ: കൊടകരയിൽ വാഹനം തട്ടിക്കൊണ്ടുപോയി കുഴൽപ്പണം കവർന്ന കേസിൽ പ്രതിപ്പട്ടികയിലില്ലാത്ത ചിലർ, ലഭിച്ച പണം പൊലീസിന് തിരികെനൽകി. കിട്ടിയ പണം തിരിച്ചേൽപ്പിക്കാത്തവരെ കേസിൽ കൂട്ടുപ്രതികളാക്കിയേക്കും.

അറസ്റ്റിലായവർ അവർക്ക് കിട്ടിയ തുക ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പങ്കിട്ടിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ ബന്ധപ്പെട്ടപ്പോഴാണ് ചിലർ പണം പാെലീസിന് നൽകിയത്. പണം തിരിച്ചേൽപ്പിച്ച് തുടങ്ങിയതോടെ നഷ്ടപ്പെട്ടത് 25 ലക്ഷമല്ലെന്ന് വ്യക്തമായി. 25 ലക്ഷവും കാറും നഷ്ടപ്പെട്ടെന്നാണ് കൊടകര പൊലീസിന് കിട്ടിയ പരാതി.

എന്നാൽ ഒരു പ്രതിയുടെ പക്കൽ നിന്ന് മാത്രം 31 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. മറ്റൊരു പ്രതിയിൽ നിന്ന് മൂന്ന് ലക്ഷവും കണ്ടെടുത്തു. ഇതിന് പുറമെയാണ് കുഴൽപ്പണ വിഹിതം തിരിച്ചേൽപ്പിക്കാൻ തുടങ്ങിയതും. 19 പ്രതികളുള്ള കേസിൽ ഇനി ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട്. കസ്റ്റഡിയിൽ വാങ്ങിയ നാല് പ്രതികളുമായി പൊലീസ് കണ്ണൂർ, കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിലെത്തി തെളിവെടുത്തു.

ഇന്ന് വയനാട്ടിലെത്തിച്ച് തെളിവെടുക്കും. കൂടുതൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും തെളിവെടുക്കാനും സാധിക്കാത്തത് കേസന്വേഷണം വൈകിക്കുന്നുണ്ട്. ചിലർക്ക് കൊവിഡ് ബാധിച്ചതും സമ്പർക്കമുണ്ടായതുമാണ് കാരണം.

ഏപ്രിൽ മൂന്നിനായിരുന്നു പണവും കാറും കൊടകരയിൽ കവർന്നത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പണം കടത്തിയിരുന്ന കോഴിക്കോട്ടെ വ്യവസായിയും ആർ.എസ്.എസ് പ്രവർത്തകനുമായ ധർമ്മരാജൻ പരാതി നൽകിയത്. കൂടുതൽ അന്വേഷണത്തിൽ പണം കൊടുത്തുവിട്ടത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് ആണെന്ന് വിവരം ലഭിച്ചിരുന്നു.

Advertisement
Advertisement