കൃഷ്ണകുമാറിന്റെ മരണം: ആശങ്കയറിയിച്ച് കോടതി

Friday 07 May 2021 12:00 AM IST

കൊച്ചി: കൊവിഡ് ബാധിച്ച് യഥാസമയം വെന്റിലേറ്റർ ലഭിക്കാതെ ഏലൂർ ഉദ്യോഗമണ്ഡൽ സ്വദേശി കൃഷ്‌ണകുമാർ മരിച്ചത് ആശങ്കയുളവാക്കുന്നെന്ന് ഹൈക്കോടതി പറഞ്ഞു. സ്വകാര്യ ആശുപത്രിച്ചെലവ് സംബന്ധിച്ച് ഹർജി നൽകിയ സാബു പി. ജോസഫാണ് കൃഷ്‌ണകുമാറിനു നേരിട്ട ദുരന്തം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

ഗുരുതരാവസ്ഥയിലായ കൃഷ്ണകുമാറിനെ കളമശേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും വെന്റിലേറ്റർ സൗകര്യമില്ലാത്തതിനാൽ കലൂരിലെ താത്കാലിക സെന്ററിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. അവിടെയും വെന്റിലേറ്റർ ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ പറഞ്ഞു. അവിടെയൊന്നും വെന്റിലേറ്റർ ലഭിച്ചില്ല. പിന്നീടു പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും വൈകാതെ മരിച്ചെന്ന് വിശദീകരിച്ചപ്പോഴാണ് ഹൈക്കോടതി ആശങ്ക പങ്കുവച്ചത്. ഐ.എം.എയടക്കമുള്ളവർ കൊവിഡ് ചികിത്സയുടെ കാര്യത്തിൽ സർക്കാരിന് നിർദ്ദേശങ്ങൾ സമർപ്പിക്കണം.