കൊവിഡ് ബോംബ്

Friday 07 May 2021 2:10 AM IST

കൊച്ചി: കേരളത്തിൽ അതിവേഗത്തിൽ കൊവിഡ് വ്യാപിക്കുന്ന എറണാകുളം ജില്ല ആശങ്കയുടെ മുൾമുനയിൽ. ചികിത്സയ്ക്കുൾപ്പെടെ മുൻകരുതൽ സ്വീകരിക്കുകയും പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തിട്ടും രോഗികളുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്. ടെസ്റ്റ് പേസിറ്റീവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലായതോടെ ജില്ലയിലെ 82 ഗ്രാമപഞ്ചായത്തുകളിൽ 74 ഉം ഇന്നലെ സമ്പൂർണമായി അടച്ചു. നാളെ ലോക്ക് ഡൗൺ നിലവിൽ വരുന്നതോടെ രോഗവ്യാപനം കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇന്നലെ 6,506 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 2,999 പേർ രോഗമുക്തി നേടി. ആകെ 61,847 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 95 ശതമാനവും വീടുകളിലാണ് കഴിയുന്നത്. 99,949 പേർ നിരീക്ഷണത്തിലും കഴിയുന്നുണ്ട്. നാളെ ആരംഭിക്കുന്ന സമ്പൂർണ ലോക്ക് ഡൗൺ ശക്തമാക്കാൻ റവന്യൂ, പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം തുടൂിയ വകുപ്പുകളുടെ ഏകോപനം ശക്തമാക്കി. ഇതിനായി ഇൻസിഡൻസ് റെസ്‌പോൺസ് സംവിധാനം ശക്തമാക്കി. ലോക്ക് ഡൗൺ ലംഘനം തടയാൻ പൊലീസ് രംഗത്തിറങ്ങും. ഓക്‌സിജൻ ലഭ്യത ഉൾപ്പെടെ ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. ഒരിടത്തും ക്ഷാമമില്ല. 15 മുതൽ 20 മെട്രിക് ടണ്ണാണ് പ്രതിദിന ആവശ്യം. ഓക്‌സിജൻ നീക്കത്തിന് അഞ്ചു ടാങ്കറുകളും ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് തലത്തിൽ കൺട്രോൾ റൂമുകളും പ്രവർത്തനം ആരംഭിച്ചു. കേന്ദ്ര സർക്കാർ അനുവദിച്ച ഓക്‌സിജൻ പ്‌ളാന്റുകളിൽ ആദ്യത്തേത് എറണാകുളം മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു. മിനിറ്റിൽ 600 ലിറ്റർ ഓക്‌സിജൻ ഉത്പാദിപ്പിക്കാൻ പ്‌ളാന്റിന് ശേഷിയുണ്ട്. തൃക്കാക്കര, പള്ളിപ്പുറം, കോട്ടുവള്ളി, വരാപ്പുഴ, രായമംഗലം, ഏലൂർ, തൃപ്പൂണിത്തുറ, ആലങ്ങാട്, കൊച്ചി നഗരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് രോഗികളിലേറയെും. ജില്ലയുടെ കിഴക്കൻ മേഖലയിലും രോഗം രൂക്ഷമാണ്. അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ ബോധവത്കരണം നടത്തിയെങ്കിലും രോഗവ്യാപനം സംബന്ധിച്ച ആശങ്ക കുറഞ്ഞിട്ടില്ല.

ചികിത്സാസൗകര്യം വർദ്ധിപ്പിക്കുന്നു

കിടത്തി ചികിത്സ ആവശ്യമുള്ളവർ വർദ്ധിക്കുമെന്ന കണക്കുകൂട്ടലിൽ കൂടുതൽ കിടക്കകൾ ഒരുക്കിത്തുടങ്ങി. കൂടുതൽ സി.എഫ്.എൽ.ടി.സികളും ഡൊമസിലിറയറി കെയർ സെന്ററുകളും ആരംഭിക്കാൻ തദ്ദേശസ്ഥാപനങ്ങൾ നടപടി ആരംഭിച്ചു.

ജില്ലയിലെ സ്ഥിതി

ആകെ കിടക്കകൾ 8,963

കൊവിഡിന് മാത്രം 2,166

പുതിയത് 1,724

ഓക്‌സിജൻ കിടക്കകൾ ആകെ 4,368

കൊവിഡിന് മാത്രം 1,381

പുതിയത് 1,087

ഐ.സി.യു. കിടക്കകൾ

ആകെ 1,570

കൊവിഡിന് മാത്രം 468

പുതിയത് 375

വെന്റിലേറ്റർ കിടക്കകൾ

ആകെ 328

കൊവിഡിന് മാത്രം 265

പുതിയത് 214

Advertisement
Advertisement