സിറം ഇൻസ്‌റ്റിറ്റ്യൂട്ടിന് ₹500 കോടി വായ്പയുമായി ബാങ്ക് ഒഫ് ബറോഡ

Friday 07 May 2021 12:00 AM IST

ന്യൂഡൽഹി: കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിലെ സേവനങ്ങളും അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെടുത്താൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച ആശ്വാസപാക്കേജിന്റെ ചുവടുപിടിച്ച്, പ്രമുഖ വാക്‌സിൻ നിർമ്മാതാക്കളായ സിറം ഇൻസ്‌റ്റിറ്റ്യൂട്ടിന് ബാങ്ക് ഒഫ് ബറോഡ 500 കോടി രൂപയുടെ വായ്‌പ അനുവദിച്ചു. കൊവിഷീൽഡ് വാക്‌സിൻ നിർമ്മിക്കുന്ന കമ്പനിയാണ് പൂനെ ആസ്ഥാനമായുള്ള സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ.

വാക്‌‌സിൻ നിർമ്മാതാക്കൾ, മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിക്കാർ, വിതരണക്കാർ, ആശുപത്രികൾ, ഡിസ്‌പെൻസറികൾ, പത്തോളജി ലാബുകൾ, ഓക്‌സിജൻ ഉത്പാദകർ, വെന്റിലേറ്റർ നിർമ്മാതാക്കൾ, വാക്‌സിന്റെയും കൊവിഡ് മരുന്നിന്റെയും ഇറക്കുമതിക്കാർ, ഉത്‌പന്ന വിതരണക്കാർ എന്നിവർക്കായാണ് റിസർവ് ബാങ്ക് ബുധനാഴ്‌ച 50,000 കോടി രൂപയുടെ വായ്‌പാ പാക്കേജ് പ്രഖ്യാപിച്ചത്. റിപ്പോ നിരക്കായ നാലു ശതമാനം അടിസ്ഥാനമാക്കി ഈ തുക ബാങ്കുകൾക്ക് റിസർവ് ബാങ്കാണ് അനുവദിക്കുക.

ബാങ്കുകൾ ആരോഗ്യ മേഖലയിലെ കമ്പനികൾക്ക്, മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി മൂന്നുവർഷക്കാലാവധിയിൽ വായ്‌പ അനുവദിക്കും. 2022 മാർച്ച് 31നകം വായ്‌‌പ നേടാം. 18 വസയിനു മുകളിലുള്ളവർക്കും വാക്‌സിൻ നൽകാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. വാക്‌സിൻ നിർ‌മ്മാണവും വിതരണവും ഊർജിതമാക്കാൻ റിസർവ് ബാങ്ക് പാക്കേജ് സഹായിക്കും.

മറ്റു ബാങ്കുകളും രംഗത്ത്

ബാങ്ക് ഒഫ് ബറോഡയ്ക്ക് പിന്നാലെ മറ്റു പ്രമുഖ ബാങ്കുകളും വാക്‌സിൻ നിർമ്മാതാക്കൾക്ക് വായ്‌പ പ്രഖ്യാപിച്ചിട്ടുണ്ട്. സിറത്തിന്റെ കൊവിഷീൽഡിന് പുറമേ ഇന്ത്യ അംഗീകരിച്ച മറ്റൊരു വാക്‌സിനായ കൊവാക്‌സിന്റെ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിന് എസ്.ബി.ഐയും വായ്‌പ അനുവദിച്ചിട്ടുണ്ട്. എന്നാൽ, വായ്‌പാത്തുക എത്രയെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടില്ല. എച്ച്.ഡി.എഫ്.സി ബാങ്കും ആരോഗ്യമേഖലയിൽ പണലഭ്യത ഉറപ്പാക്കാൻ നടപടികളെടുത്തിട്ടുണ്ട്. മറ്റു ബാങ്കുകളും വൈകാതെ സമാനപാത സ്വീകരിച്ചേക്കും.