ഓസീസ് പ്രധാനമന്ത്രിയെ വിമർശിച്ച് സ്ളേറ്റർ

Thursday 06 May 2021 11:46 PM IST

മെൽബൺ : ഇന്ത്യയിൽ രണ്ടാഴ്ചയെങ്കിലും കഴിഞ്ഞവർ രാജ്യത്തേക്കു പ്രവേശിച്ചാൽ ജയിൽ ശിക്ഷയും പിഴയും നേരിടേണ്ടി വരുമെന്നു പ്രഖ്യാപിച്ച ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണിനെതിരെ രൂക്ഷ വിമർശനം തുടർന്ന് മുൻ ക്രിക്കറ്റ് താരവും ഐ.പി.എൽ കമന്റേറ്ററുമായ മൈക്കൽ സ്ലേറ്റർ.ഇന്ത്യയിൽനിന്നുള്ളവരെ വിലക്കിയ മോറിസണിന്റെ നടപടി കാടത്തമാണെന്നും രാജ്യത്തിന് അപമാനമാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം സ്ലേറ്ററുടെ വിമർശനം.

‘മനുഷ്യരാശി ബുദ്ധിമുട്ടു നേരിടുമ്പോൾ പ്രധാനമന്ത്രിയുടെ നിലപാട് കൊള്ളാം. നിങ്ങളുടെ സ്വകാര്യ വിമാനമെടുത്ത് നിങ്ങൾ ഇന്ത്യ സന്ദർശിക്കണം. തെരുവുകളിൽ മൃതശരീരങ്ങൾ വീണുകിടക്കുന്നതു നിങ്ങൾ കാണണം. ഇന്ത്യയിലെ സ്ഥിതി നിങ്ങൾ മനസ്സിലാക്കണം’ – പ്രധാനമന്ത്രിയോടു ട്വിറ്ററിലൂടെ സ്ലേറ്റർ ആവശ്യപ്പെട്ടു.

‘നിങ്ങളുടെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നു’ എന്ന് നേരത്തേ സ്ലേറ്റർ ആരോപിച്ചിരുന്നു. സ്ലേറ്ററുടെ പ്രതികരണം കാര്യമറിയാതെയുള്ള അബദ്ധ പ്രസ്താവനയാണെന്നായിരുന്നു മോറിസന്റെ പ്രതികരണം.

ആസ്ട്രേലിയൻ താരങ്ങൾ മാൽദീവ്സിൽ

ഐ.പി.എൽ റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനുള്ള ആസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളെയും ഒഫിഷ്യൽസിനെയും കമന്റേറ്റർമാരെയും ബി.സി.സി.ഐ പ്രത്യേക വിമാനത്തിൽ മാൽദീവ്സിൽ എത്തിച്ചു. അവിടെ രണ്ടാഴ്ച ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം ഇവർ സ്വദേശത്തേക്ക് മടങ്ങും. ഇന്ത്യയിൽ രണ്ടാഴ്ചയെങ്കിലും കഴിഞ്ഞവർക്ക് ആസ്ട്രേലിയ പ്രവേശനം നിഷേധിച്ചതിനാലാണ് ഈ നടപടി.

Advertisement
Advertisement