പഠനം വീട്ടിൽ: ജൂണിലും സ്കൂൾ തുറക്കില്ല

Friday 07 May 2021 1:26 AM IST

തിരുവനന്തപുരം: കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കില്ല. ഓൺലൈൻ ക്ളാസുകൾ തുടരും. കൊവിഡ് ശമിച്ചാൽ, സ്കൂളുകൾ തുറക്കുന്ന കാര്യം മേയ് 25 കഴിഞ്ഞ് ആലോചിക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.

പത്ത്, പ്ളസ് ടു വിദ്യാർത്ഥികളുടെ മാറ്റിവച്ച പ്രാക്ടിക്കൽ പരീക്ഷ എന്ന് നടത്തുമെന്നതിനെപ്പറ്റിയും വ്യക്തതയില്ല. ഇരുപരീക്ഷകളുടെയും മൂല്യനിർണയവും തുടങ്ങാനായിട്ടില്ല. മൂല്യനിർണയം നീണ്ടു പോകുന്നത് സ്കൂൾ തുറക്കുന്നതിനെ പിന്നെയും ബാധിക്കും. അദ്ധ്യാപകരാണ് മൂല്യനിർണയം നടത്തേണ്ടത്.

ഒരു വർഷത്തിലധികമായി സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. പത്ത്, പ്ളസ് ടു വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈ അദ്ധ്യയന വർഷത്തിന്റെ അവസാനം സംശയനിവാരണ ക്ളാസുകൾ നടത്തിയത്. ഒൻപതാം ക്ളാസ് വരെയുള്ള കുട്ടികൾ വീട്ടിലിരുന്ന് ഓൺലൈനിലൂടെയാണ് പഠിച്ചത്. അവർക്കെല്ലാം അടുത്ത ക്ളാസുകളിലേക്ക് പ്രൊമോഷൻ നൽകും. പുതിയ അദ്ധ്യയന വർഷത്തിൽ സെപ്തംബർ വരെ ഓൺലൈനായി ക്ളാസുകൾ തുടരാനാണ് സാദ്ധ്യത.

. കൊവിഡിന്റെ രണ്ടാം വരവ് കടുക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 കടന്നിരിക്കുകയുമാണ്. ഈ സാഹചര്യത്തിൽ സ്കൂൾ തുറക്കുന്നതിനെപ്പറ്റി എങ്ങനെ ചിന്തിക്കുമെന്നാണ് അദ്ധ്യാപകരും രക്ഷിതാക്കളും ചോദിക്കുന്നത്. കുട്ടികൾക്കുള്ള വാക്സിൻ രണ്ട് ഡോസും നൽകിയതിനു ശേഷമേ സുരക്ഷ ഉറപ്പാക്കാനാവൂ. ഒന്നാം ക്ളാസിലേക്ക് പുതുതായി കുട്ടികളെ ചേർക്കുന്നതിനെപ്പറ്റിയും തീരുമാനമായിട്ടില്ല.

Advertisement
Advertisement