റദ്ദാക്കിയത് 42 ട്രെയിൻ സർവീസുകൾ

Friday 07 May 2021 1:49 AM IST

തിരുവനന്തപുരം: തീവ്രമായി വ്യാപിക്കുന്ന കൊവിഡും അതിനെ തുടർന്നുള്ള നിയന്ത്രണങ്ങളും മൂലം സംസ്ഥാനത്ത് യാത്രക്കാർ കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ എട്ട് മെമു ഉൾപ്പെടെ 32 ട്രെയിൻ സർവീസുകൾ നാളെ മുതൽ 31 വരെയും, 10 സർവീസുകൾ ഇന്നലെ മുതൽ 15 വരെയും നിറുത്തിവയ്ക്കാൻ റെയിൽവേ തീരുമാനിച്ചു. ഇതോടെ വരുന്നയാഴ്ച സംസ്ഥാനത്ത് മൊത്തം 42ട്രെയിൻ സർവീസുകളുണ്ടാകില്ല. നിലവിൽ മലബാർ, പരശുറാം, ശബരി, മാവേലി, കുർള,തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം - ന്യൂഡൽഹി കേരള എക്സ്‌പ്രസ്, തുടങ്ങിയ ഏതാനും ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. സംസ്ഥാനത്ത് നാളെ മുതൽ ഒൻപത് ദിവസം ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കെ മറ്റ് ട്രെയിൻ സർവീസുകളെ സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്ന് റെയിൽവേ അറിയിച്ചു.

 8 മുതൽ 31വരെ നിറുത്തിയ സർവീസുകൾ

 ആലപ്പുഴ - കൊല്ലം, എറണാകുളം - ആലപ്പുഴ, ഷൊർണൂർ - എറണാകുളം, ഷൊർണൂർ - കണ്ണൂർ : എട്ട് മെമു സർവീസുകൾ

 വേണാട്, വഞ്ചിനാട്, പാലരുവി,തിരുവനന്തപുരം - മംഗലാപുരം, ഏറനാട്, ബാംഗ്ളൂർ - എറണാകുളം ഇന്റർസിറ്റി, ചെന്നൈ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് തുടങ്ങി 14 പ്രതിദിന സർവീസുകൾ.

 കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, വെള്ളിയാഴ്ചകളിലെ തിരുവനന്തപുരം - ചെന്നൈ പ്രതിവാര എക്സ്‌പ്രസ്, കൊച്ചുവേളി - മംഗലാപുരം അന്ത്യോദയ, ഞായറാഴ്ചകളിലെ എറണാകുളം - ബാനസവാടി പ്രതിവാര സർവീസ്, ചൊവ്വാഴ്ചകളിലെ തിരുവനന്തപുരം - നിസാമുദ്ദീൻ പ്രതിവാര എക്സ്‌പ്രസ് തുടങ്ങി 10 സർവീസുകൾ

 6 മുതൽ 15 വരെ റദ്ദാക്കിയ സർവീസുകൾ

 തിരുവനന്തപുരം - ഗുരുവായൂർ ഇന്റർസിറ്റി, തിരുവനന്തപുരം - തിരുച്ചിറപ്പള്ളി ഇന്റർസിറ്റി, പുനലൂർ -ഗുരുവായൂർ, എറണാകുളം - കണ്ണൂർ ഇന്റർസിറ്റി, ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് തുടങ്ങി 10 സർവീസുകൾ.

Advertisement
Advertisement