ട്രെയിനിലെ ആക്രമണം: കുറ്റം സമ്മതിച്ച ബാബുക്കുട്ടൻ ആശുപത്രിയിൽ തന്നെ

Friday 07 May 2021 2:47 AM IST

കൊച്ചി: ട്രെയിനിൽ സർക്കാർ ഉദ്യോഗസ്ഥയെ ആക്രമിച്ച് കവർച്ച നടത്തിയത് സമ്മതിച്ച പ്രതി ബാബുക്കുട്ടനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാത്തതിനാൽ അന്വേഷണസംഘത്തിന് വിശദമായി ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. കോടതി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം അപേക്ഷ നൽകും.

പത്തനംതിട്ട ചിറ്റാറിൽ നിന്ന് പിടികൂടിയ പ്രതിക്ക് അപസ്‌മാരം ഉണ്ടായതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെടാത്തതിനാലും കൊവിഡ് പരിശോധനാഫലം ലഭിക്കാത്തതിനാലുമാണ് ഡിസ്ചാർജ് വൈകുന്നത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് പ്രാഥമിക ചോദ്യം ചെയ്യലിൽ ബാബുക്കുട്ടൻ കുറ്റം സമ്മതിച്ചിരുന്നു. താൻ കവർന്ന സ്വർണാഭരണങ്ങൾ മോഷണം പോയെന്ന് പറഞ്ഞെങ്കിലും റെയിൽവേ പൊലീസ് വിശ്വസിച്ചിട്ടില്ല.

ആശുപത്രിയിലായതിനാൽ പ്രതിയെ ഓൺലൈനിൽ കോടതിയിൽ ഹാജരാക്കിയാണ് റിമാൻഡ് ചെയ്തത്. ഇയാളെ കസ്റ്റഡിയിൽ ലഭിച്ചാലേ ഒളിവിൽ കഴിഞ്ഞത് എവിടെയെന്ന് വ്യക്തമാകൂ. ഒളിവിൽ കഴിയാൻ സഹായം നൽകിയവരെയും കണ്ടെത്തണം. കവർച്ച ചെയ്ത സ്വർണാഭരണങ്ങൾ കണ്ടെടുക്കണം.

പിടിയിലാകുമ്പോൾ 38,000 രൂപ കൈയിലുണ്ടായിരുന്നു. ഇത് ആഭരണങ്ങൾ വിറ്റ് ലഭിച്ചതാണോയെന്ന് കണ്ടെത്തണം. ആക്രമണം നടന്ന ട്രെയിനിലും സംഭവം നടന്ന മുളന്തുരുത്തി റെയിൽവേ സ്‌റ്റേഷനിലും എത്തിച്ച് തെളിവെടുക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാബുക്കുട്ടനെതിരെ 16 കേസുകളുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. 15 മാസം ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.

Advertisement
Advertisement