ബി.ഡി.ജെ.എസ് ബന്ധം ശക്തമാക്കാൻ ബി.ജെ.പി

Friday 07 May 2021 3:03 AM IST

തിരുവനന്തപുരം: ബി.ഡി.ജെ.എസുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് ഇന്നലെ ചേർന്ന ബി.ജെ.പി നേതൃയോഗത്തിൽ ആവശ്യമുയർന്നു. ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് മത്സരരംഗത്തു നിന്നു മാറിനിൽക്കാൻ അവസരമുണ്ടാക്കരുതായിരുന്നുവെന്ന് യോഗത്തിൽ പങ്കെടുത്ത ചിലർ പറഞ്ഞു..

വടക്കൻ കേരളത്തിൽ ബി.ജെ.പിക്ക് കാര്യമായി വോട്ട് കുറഞ്ഞില്ല. ബി.ഡി.ജെ.എസ് നിഷ് ക്രിയമായത് മദ്ധ്യകേരളത്തിലും ആലപ്പുഴ, കൊല്ലം ജില്ലകളിലും എൻ.ഡി.എയ്ക്ക് വോട്ട് കുറയാനിടയാക്കി. 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടിലേക്ക് ബി.ജെ.പിയുടെ പ്രകടനം നിറം മങ്ങി. ഇന്നലെ ഓൺലൈനായി നടന്ന ബി.ജെ.പിസംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിലാണ് ഈ അഭിപ്രായമുയർന്നത്. മുഴുവൻ ജില്ലാ പ്രസിഡന്റുമാരുൾപ്പെടെ 61 നേതാക്കളാണ് ഓൺലൈനായി ചേർന്ന യോഗത്തിൽ പങ്കെടുത്തത്.

ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ്, കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ലാദ് ജോഷി, സംഘടനാ ചുമതലയുള്ള സി.പി.രാധാകൃഷ്ണൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. അതേ സമയം മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്, വൈസ് പ്രസിഡന്റുമാരായ എ.എൻ.രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തില്ല

എല്ലാ ജില്ലകളിലും തിരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗങ്ങൾ നടത്തും. സംസ്ഥാനത്തിന്റെ ചുമതലയുള്ള സി.പി.രാധാകൃഷ്ണനും സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും പങ്കെടുക്കും. . ബംഗാളിലെ തൃണമൂൽ ആക്രമണങ്ങൾക്കെതിരെ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും.

Advertisement
Advertisement