ആർ.ടി.പി.സി.ആർ ഇല്ലാതെ ആശുപത്രി വിടാനുള്ള അനുമതി: ഐ.സി.എം.ആറിന്റെ മാർഗനിർദ്ദേശത്തിൽ ആശയക്കുഴപ്പം

Friday 07 May 2021 12:39 PM IST

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ പോസിറ്റിവായ വ്യക്തിയെ ചികിത്സയ്ക്ക് ശേഷം ആർ.ടി.പി.സി.ആർ പരിശോധനയില്ലാതെ ഡിസ്ചാർജ് ചെയ്യാൻ അനുവദിക്കാമെന്ന ഇന്ത്യൻ കൗൺസിൽ മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ)​ നിർദ്ദേശം ആശയക്കുഴപ്പത്തിന് കാരണമാകുമെന്ന് ആക്ഷേപം. ആർ.ടി.പി.സി.ആർ ടെസ്റ്റിലൂടെ ഒരിക്കൽ കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായാൽ ചികിത്സയ്ക്കു ശേഷം വീണ്ടും പരിശോധന വേണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ ഐ.സി.എം.ആ‍ർ പറയുന്നത്. ലക്ഷണങ്ങൾ ഇല്ലാതായി രോഗം മാറി എന്ന് ബോദ്ധ്യമായാൽ ടെസ്റ്റ് നടത്താതെ തന്നെ രോഗിയെ പറഞ്ഞയയ്ക്കാനാണ് അനുമതി. ഇതാണിപ്പോൾ വിവാദമായിരിക്കുന്നത്.

 വൈറസ് മുക്തമാവുമോ?‌

രാജ്യത്തെ ലബോറട്ടറികളുടെ എണ്ണക്കുറവും ആരോഗ്യ പ്രവർത്തകരുടെ രോഗബാധയും കണക്കിലെടുത്താണ് ഐ.സി.എം.ആർ ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. എന്നാൽ,​ പോസിറ്റീവായ വ്യക്തിക്ക് പരിശോധന നടത്താതെ എങ്ങനെ വൈറസ് മുക്തമായെന്ന് ഉറപ്പിക്കാനാകുമെന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്. ഇതേക്കുറിച്ച് ഐ.സി.എം.ആർ വ്യക്തമായ വിശദീകരണവും നൽകിയിട്ടില്ല.

ആദ്യഘട്ടത്തിൽ കൊവിഡ് വ്യാപിച്ചപ്പോൾ രോഗലക്ഷണങ്ങൾ തൊണ്ടവേദനയും പനിയും ജലദോഷവും ഒക്കെ ആയിരുന്നു. എന്നാൽ,​ വൈറസിന് ജനതികമാറ്റം വന്നതോടെ ലക്ഷണങ്ങളിലും മാറ്റം വന്നു. ഇപ്പോൾ ശ്വാസമുട്ടാണ് രോഗത്തിന്റെ പ്രധാന ലക്ഷണമായി കാണുന്നത്. ഇതിനൊപ്പം ഓക്സിജന്റെ അളവും വേഗത്തിൽ കുറയുന്നതായി കണ്ടുവരുന്നുണ്ട്.

 വൈറീമിയ എന്ന അവസ്ഥയും

കൊവിഡ് വൈറസ് ശരീരത്തിൽ പ്രവേശിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതു മുതൽ പോസിറ്റീവ് ആകുകയാണ് സാധാരണ രീതി. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകുകയും ചെയ്യും. എന്നാൽ, ലക്ഷണങ്ങളൊന്നും ഇല്ലാതെ തന്നെ വൈറസ് ശരീരത്തിൽ നിലനിൽക്കുന്ന വൈറീമിയ എന്ന അവസ്ഥയും കണ്ടുവരുന്നുണ്ട്. പോസിറ്റീവായ വ്യക്തിയ്ക്ക് വീണ്ടും ആർ.ടി.പി.സി.ആർ പരിശോധന നടത്താതെ ഡിസ്ചാർജ് ചെയ്യുമ്പോൾ വൈറീമിയ ആണെങ്കിൽ മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാദ്ധ്യതയേറെയാണ്. പരിശോധന നടത്താതിരിക്കുന്നതിലൂടെ ഈ അവസ്ഥയിലേക്കാവും കാര്യങ്ങൾ ചെന്നെത്തുകയെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഫലത്തിൽ രോഗലക്ഷണങ്ങളില്ലാതെയുള്ള രോഗവ്യാപന രീതിയായ 'നിശ്ശബ‌്ദ വ്യാപന'ത്തിന് ഇത് ഇടയാക്കുമെന്നും ഒരു വിഭാഗം ആരോഗ്യ വിദഗ്ദ്ധർ വാദിക്കുന്നു. ലോകത്ത് 80 ശതമാനം പേരും കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരോ അല്ലെങ്കിൽ നേരിയ രോഗലക്ഷണങ്ങൾ മാത്രമുള്ളവരോ ആണ്. ഇന്ത്യയിലിത് 70 ശതമാനമാണെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആ‍ർ)​ പഠനങ്ങളിൽ നേരത്തെ തെളിഞ്ഞതാണ്.

 റൂം ക്വാറന്റൈൻ താളം തെറ്റും

പോസിറ്റീവായവരെ രോഗലക്ഷണങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രം ഡിസ്ചാർജ് ചെയ്താൽ അത് റൂം അല്ലെങ്കിൽ ഹോം ക്വാറന്റൈനിനെ ബാധിക്കുമെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദ്ദേശിച്ചാലും പരിശോധന ഇല്ലാത്തതിനാൽ രോഗബാധിതനായ വ്യക്തി മാനദണ്ഡങ്ങൾ ലംഘിക്കാനുള്ള സാദ്ധ്യതയും ഏറെയാണ്.