മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ വ്യക്തിപരമല്ല; ഓക്‌സിജൻ കയറ്റിറക്കുമതിയുടെ ചുമതല വിദേശകാര്യ വകുപ്പിനല്ലെന്ന് മുരളീധരൻ

Friday 07 May 2021 1:55 PM IST

ന്യൂഡൽഹി: മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ വ്യക്തിപരമല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കാര്യങ്ങള്‍ പറയുമ്പോള്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കലാണ് എന്ന് പറയുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

പി എം കെയര്‍ ഫണ്ട് ഉപയോഗിച്ച് തൃശൂര്‍, തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ ഓക്‌സിജൻ പ്ലാന്‍റുകള്‍ അനുവദിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു വര്‍ഷമായിട്ടും എറണാകുളം ഒഴിച്ചുള്ള മറ്റ് മൂന്ന് സ്ഥലങ്ങളിൽ ഇത് പ്രവര്‍ത്തന സജ്ജമായിട്ടില്ല. സ്വകാര്യ ആശുപത്രികള്‍ അടക്കം കൊവിഡ് ചികിത്സയ്ക്ക് ലഭ്യമായ കിടക്കകളുടെ എണ്ണം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ഹൈക്കോടതിയും ഇക്കാര്യമാണ് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്ക് സംബന്ധിച്ച് 2020 ജൂലായ് 20ന് മാര്‍ഗനിര്‍ദ്ദേശം ഇറക്കി എന്ന് പറയുന്നു. ഇത് എവിടെയും നടപ്പാക്കിയിട്ടില്ല. എന്തുകൊണ്ട് ചികിത്സ നിരക്ക് കുറയ്‌ക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ല. വളരെയേറെ ജനങ്ങള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന സംസ്ഥാത്ത് എന്തുകൊണ്ട് സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങള്‍ ഇറക്കിയത് പോലെ ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ഓക്‌സിജന്‍ സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കത്തില്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാനും വിതരണം ചെയ്യാനും വിദേശകാര്യ മന്ത്രാലയത്തോട് നിര്‍ദേശിക്കണം എന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായാണ് മനസിലാക്കുന്നത്. കയറ്റിറക്കുമതിയുടെ ചുമതല വിദേശകാര്യ വകുപ്പിനാണെന്ന് അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. വിദേശകാര്യ വകുപ്പിനല്ല ഇതുമായി ബന്ധപ്പെട്ട ചുമതലയെന്നും മുരളീധരൻ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ ഓക്‌സിജന്‍ ട്രെയിനുകളും വിമാനങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് രാജ്യത്തെല്ലായിടത്തും ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള നടപടി എടുക്കുന്നുണ്ട്. ട്രെയിന്‍ മാര്‍ഗം മാത്രം 2511 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇതുവരെ ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിന് ഓക്‌സിജന്‍ ലഭ്യമായതിന് ശേഷം സംസ്ഥാനത്ത് എല്ലായിടത്തും എത്തിക്കാനുള്ള ടാങ്കറുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.