കൂടുതൽ തൊഴിലാളികൾ മടങ്ങുന്നു

Saturday 08 May 2021 12:32 AM IST

പാലക്കാട്: കൊവിഡ് വ്യാപനത്തോടൊപ്പം ഇന്നുമുതൽ സമ്പൂര്‍ണ്ണ ലോക്ക് ഡൗണും പ്രഖ്യാപിച്ചതോടെ ജില്ലയിലുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നത് കൂടുന്നു. കഞ്ചിക്കോട് നിന്നുൾപ്പെടെ ആയിരത്തോളം പേർ

ഒരാഴ്ചയ്ക്കിടെ മടങ്ങി. ഇതോടെ കഞ്ചിക്കോട് വ്യവസായ മേഖലയും ജില്ലയിലെ കെട്ടിട നിർമ്മാണമടക്കം ഇതര മേഖലകളും പ്രതിസന്ധിയിലായി.

ജില്ലയിലാകെ 10,445 അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ടെന്നാണ് തൊഴിൽ വകുപ്പിന്റെ കണക്ക്. വരും ദിവസങ്ങളിൽ കൂടുതല്‍ പേർ പോകുന്നതോടെ വ്യവസായ, നിർമ്മാണ മേഖല സ്തംഭിക്കും. കഞ്ചിക്കോട്, പട്ടാമ്പി, മണ്ണാര്‍ക്കാട്, ഷൊർണൂർ മേഖലകളിലാണ് കൂടുതല്‍ പേരുള്ളത്. ആദ്യ ലോക്ക് ഡൗണ്‍ ഇളവിനെ തുടര്‍ന്ന് വ്യവസായ മേഖല സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് രണ്ടാംകൊവിഡ് തരംഗത്തെ തുടര്‍ന്നുള്ള സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രതിസന്ധിയിലാക്കിയത്.

ലോക്ക് ഡൗൺ ഉണ്ടാകുമെന്ന സൂചന ലഭിച്ചതോടെ തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് പോകാനാരംഭിച്ചു. ഇതിനുപുറമെ കഞ്ചിക്കോട് വ്യവസായ മേഖലയിലടക്കം കൊവിഡ് വ്യാപനം കൂടിയതോടെ സ്ഥിതി ഗുരുതരമായി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള ആശുപത്രി ഉപകരണങ്ങള്‍, സാനിസൈറ്റര്‍ തുടങ്ങിയവ കഞ്ചിക്കോട് മേഖലയിലാണ് നിര്‍മ്മിക്കുന്നത്. ഇത്തരം കമ്പനികളില്‍ പലരും ജീവനക്കാരില്ലാതെ പ്രവര്‍ത്തനം നിറുത്തിയ സ്ഥിതിയാണ്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ലോക്ക് ഡൗൺ ഇളവുണ്ടെങ്കിലും പല കമ്പനികളും ജീവനക്കാരില്ലാത്തതിനാല്‍ ഷിഫ്‌റ്റ് വെട്ടിക്കുറിച്ച് ഭാഗികമായാണ് പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം അസംസ്കൃത വസ്തുക്കൾ അയൽ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നതും നിലച്ചു. ഇതും ഗുരുതര പ്രശ്നമായി. സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട് ചെറുതും വലുതുമായി 600ലേറെ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ അന്യസംസ്ഥാന

തൊഴിലാളികളുള്ളതും കഞ്ചിക്കോടാണ്. 4167 പേരാണ് ഇവിടെയുള്ളത്.

നടപടിയെടുക്കും

ജില്ലയിലെ ഒമ്പത് അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ തൊഴിലാളികളുടെ കണക്കെടുക്കുന്നുണ്ട്. നിലവിൽ തൊഴിലാളികള്‍ക്ക് മടങ്ങേണ്ട വിധം ആശങ്കയില്ല. തൊഴിലാളികള്‍ക്ക് വാളയാറിലും കൊഴിഞ്ഞാമ്പാറയിലും കൊവിഡ് പരിശോധന നടത്തുന്നുണ്ട്. ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്ന സാഹചര്യമില്ല. ഇത്തരം പ്രതിസന്ധി ഉണ്ടായാൽ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് വേണ്ട നടപടി സ്വീകരിക്കും.

-പ്രമോദ്, ജില്ലാ ലേബര്‍ ഓഫീസര്‍, പാലക്കാട്.

Advertisement
Advertisement