ആ തസ്‌തികകൾ ഭരണഘടനാ വിരുദ്ധം; കേരള സർവകലാശാല അദ്ധ്യാപക നിയമനം ഹൈക്കോടതി റദ്ദാക്കി
Friday 07 May 2021 5:10 PM IST
തിരുവനന്തപുരം: കേരള സർവകലാശാല 2017ൽ വിജ്ഞാപന പ്രകാരം നടത്തിയ അദ്ധ്യാപക നിയമനങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി. വ്യത്യസ്‌ത വകുപ്പുകളിലെ തസ്‌തികകൾ ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണ തസ്‌തികകൾ നിശ്ചയിച്ച് നടത്തിയ 58 അദ്ധ്യാപക നിയമനങ്ങളാണ് ഭരണഘടനാ വിരുദ്ധമെന്ന വാദം അംഗീകരിച്ച് കോടതി റദ്ദാക്കിയത്.
വിവിധ വകുപ്പുകളെ ഒരു യൂണിറ്റായി കണക്കാക്കരുതെന്ന് മുൻപ് സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നു. ഇത് മറികടന്ന് പ്രൊഫസർ, അസോഷ്യേറ്റ് പ്രൊഫസർ, അസിസ്‌റ്റന്റ് പ്രൊഫസർ എന്നീ തസ്‌തികകളിൽ 2017 നവംബർ 27ന് നിയമനം നടത്തി. ഇതിനെതിരെ അന്ന് അപേക്ഷകരായിരുന്ന ഡോ.ജി.രാധാകൃഷ്‌ണ പിളള, ഡോ.ടി. വിജയലക്ഷ്‌മി, സൊസൈറ്റി ഫോർ സോഷ്യൽ സർവൈലൻസ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജികളിലാണ് ഇന്ന് നിർണായക വിധിയുണ്ടായിരിക്കുന്നത്.