ബാങ്കുകൾ ഒന്നിടവിട്ടുള‌ള ദിവസങ്ങളിൽ മാത്രം, വർക്‌ഷോപ്പുകൾ ശനി,ഞായർ മാത്രം; ലോക്ഡൗണിന് സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

Friday 07 May 2021 6:07 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ലോക്ഡൗണായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കൊണ്ട് കൊവിഡ് രോഗം കുറഞ്ഞില്ല. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടിരിക്കുകയാണ്. രോഗികളുടെ എണ്ണം കുറയാതെ വരുമ്പോൾ മരണമടയുന്നവരുടെ എണ്ണം കൂടും. ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ലോക്ഡൗൺ സമയത്ത് സർക്കാർ സൗജന്യ കി‌റ്റുകൾ അടുത്തയാഴ്‌ച വിതരണം ചെയ്യും. അന്യ സംസ്ഥാന തൊഴിലാളികൾക്കും കി‌റ്റ് വിതരണം ചെയ്യും. ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിലേ പ്രവർത്തിക്കാവൂ എന്നും ലോക്ഡൗൺ കാലത്ത് വീടുകളിൽ പണപ്പിരിവ് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വർക്‌ഷോപ്പുകൾക്ക് ശനി,ഞായർ മാത്രം പ്രവർത്തിക്കാൻ അനുമതിയുള‌ളൂ.

18 വയസിനും 45 വ.സിനും ഇടയിൽ പ്രായമുള‌ളവർക്ക് ഒറ്റയടിക്ക് വാക്‌സിൻ നൽകില്ലെന്നും രോഗമുള‌ളവർക്കും വാർഡ്തല സമിതിക്കുമാണ് മുൻഗണന നൽകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർഡ്‌തല സമിതിയിലുള‌ളവർക്ക് ലോക്ഡൗൺ സമയത്ത് സഞ്ചരിക്കാൻ പാസ് നൽകും. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ പൊലീസിന്റെ പാസ് വാങ്ങണം.

പുറത്ത്‌പോയി വരുന്നവ‌ർ ഉടൻ കുട്ടികളുടെ അടുത്ത് പോകരുത്. വീട്ടിലായാലും ഏവരും കൂട്ടംകൂടിയിരിക്കരുത്. അയൽപക്കങ്ങളിൽ പോകുന്നവർ കർശനമായും ഇരട്ടമാസ്‌ക് ധരിക്കണം. സാധനങ്ങൾ കൈമാറിയാൽ സോപ്പുപയോഗിച്ച് കൈകൾ കഴുകണം.വീടുകളിൽ വായുസഞ്ചാരം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തട്ടുകടകൾ ലോക്ഡൗൺ സമയത്ത് തുറക്കരുത്, ഹാർബറിൽ ആൾക്കൂട്ടമുണ്ടാകുന്ന ലേലം ഒഴിവാക്കണം. പൾസ് ഓക്‌സീ‌മീ‌റ്ററുകൾക്ക് വലിയ ചാർജ് ഈടാക്കുന്നവർക്കെതിരം നടപടിയെടുക്കും.