അശ്വിൻ ബൈക്കോടിച്ചു, പിന്നിൽ സുധിയുടെ ജീവന് താങ്ങായി രേഖ

Saturday 08 May 2021 12:09 AM IST

അമ്പലപ്പുഴ: കൊവിഡ് കെയർ സെന്ററിൽ ഹൃദയാഘാതത്തെ തുടർന്ന് മരണത്തിലേക്ക് നീങ്ങിയ നിർദ്ധന യുവാവിനെ പി.പി.ഇ കിറ്റ് ധരിച്ച് ബൈക്കിന്റെ നടുവിലിരുത്തി തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് അശ്വിനും(23), രേഖയും (22) നന്മയുടെ പ്രതീകങ്ങളായി. സന്നദ്ധ പ്രവർത്തകരാണ് ഇരുവരും.

കൊവിഡ് ഡൊമിസിലറി കെയർ സെന്ററായ (പോസിറ്റീവായിട്ടും രോഗലക്ഷണമില്ലാത്തവരെ പാർപ്പിക്കുന്നിടം. ട്രീന്റ്മെന്റ് സെന്ററല്ല.) പുന്നപ്ര എൻജിനിയറിംഗ് കോളേജ് ഹോസ്റ്റലിൽ അമ്പലപ്പുഴ പുറക്കാട് സ്വദേശി സുധിക്കാണ് (36) ജീവൻ തിരിച്ചുകിട്ടിയത്.

കാര്യമറിയാതെ എന്തിനെയും വലിച്ചുകീറി ശീലിച്ച ചില സമൂഹ മാദ്ധ്യമ രോഗികൾ ഇവരെയും നിറുത്തിപ്പൊരിച്ചെങ്കിലും യാഥാർത്ഥ്യം പുറത്തുവന്നതോടെ നാടൊന്നാകെ അഭിനന്ദിക്കുകയാണ്. ഇന്നലെ വൈകിട്ട് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയും ഇരുവരെയും പ്രകീർത്തിച്ചു.

ഇന്നലെ രാവിലെ 9ന് രോഗി​കൾക്ക് പ്രഭാതഭക്ഷണവുമായി എത്തിയതാണ് അശ്വിനും രേഖയും. ഈ സമയം ശ്വാസംമുട്ടലും നെഞ്ചുവേദനയും അനുഭവപ്പെട്ട് വിഷമിക്കുകയായിരുന്നു സുധി. ഈ സെന്ററിനടുത്താണ് സാഗര സഹകരണ ആശുപത്രി. ആംബുലൻസ് വിളിച്ചപ്പോൾ എത്താൻ വൈകുമെന്നുമായിരുന്നു മറുപടി. ഇതിനിടെ സുധിയുടെ നില വഷളായി. മറ്റൊന്നും ആലോചിക്കാതെ അശ്വിനും രേഖയും പി.പി.ഇ കിറ്റ് ധരിച്ച ശേഷം മൂന്നാം നിലയിൽ നിന്ന് സുധിയെ താങ്ങിയെടുത്ത് താഴെയിറക്കി. ഇരുവരും വന്ന ബൈക്കിന്റെ മദ്ധ്യത്തിൽ സുധിയെ ഇരുത്തി അശ്വിൻ ബൈക്കോടിച്ചു, പിന്നിൽ സുധിയെ താങ്ങിപ്പിടിച്ച് രേഖയിരുന്നു. മിനിട്ടുകൾക്കകം സാഗര ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശുശ്രൂഷ നൽകി. തുടർന്ന് ആംബുലൻസിൽ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്കു മാറ്റി. ഇരുവരുടെയും സമയോചിത ഇടപെടലാണ് സുധിയുടെ ജീവൻ രക്ഷിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.

കഥയറിയാതെ ആട്ടം

സംഭവം മനസിലാക്കാതെ ഇതാരോ മൊബൈലിൽ പകർത്തി പോസ്റ്റ് ചെയ്തതോടെ അശ്വിനും രേഖയും സമൂഹ മാദ്ധ്യമങ്ങളിൽ മഹാപാപികളായി. ആംബുലൻസ് ഇല്ലാത്തതിനാൽ കൊവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു എന്നായിരുന്നു വീഡിയോ ദൃശ്യം ചേർത്തുള്ള പ്രചാരണം. ജില്ലയിൽ ഓക്സിജൻ ക്ഷാമമെന്നും ഡോക്ടർമാർ തിരിഞ്ഞു നോക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. വ്യാജപ്രചാരണം കൊഴുക്കുന്നതിനിടെയാണ് യാഥാർത്ഥ്യം പുറത്തുവന്നത്.

വീട്ടിൽ അറ്റാച്ച്ഡ് ബാത്ത് റൂമില്ലാത്തവരെയും ഡൊമിസിലറി സെന്ററിലേക്ക് മാറ്റാറുണ്ട്. അങ്ങനെയാണ് സുധിയെ കൊണ്ടുവന്നത്. സന്നദ്ധ പ്രവർത്തകരും സ്റ്റാഫ് നഴ്സും നേതൃത്വം വഹിക്കും. മേൽനോട്ടം മാത്രമാണ് ഡോക്ടർമാർക്ക്. ഇതറിയാതെയായിരുന്നു സോഷ്യൽ മീഡിയ തുള്ളിയുറഞ്ഞത്.

ഇതിനിടെ വ്യത്യസ്ത വിശദീകരണങ്ങളുമായി കളക്ടറും ഡി.എം.ഒയും കാര്യങ്ങൾ കുരുക്കിലാക്കി. സുധിയുടെ അവസ്ഥ മോശമായിട്ടും ആരും വിളിച്ചറിയിച്ചില്ലെന്ന് ഡി.എം.ഒ ഡോ.അനിതകുമാരി വിശദീകരിച്ചപ്പോൾ, പഞ്ചായത്ത് അധികൃതരെ വിളിച്ചെന്നും ആംബുലൻസ് എത്തും മുമ്പ് രോഗിയെ മാറ്റിയെന്നുമാണ് കളക്ടർ എ.അലക്സാണ്ടർ പറഞ്ഞത്.

കാരുണ്യ പ്രവൃത്തികളിൽ സജീവം

ഡി.വൈ.എഫ്.ഐ ഭഗവതിക്കൽ യൂണിറ്റ് സെക്രട്ടറിയാണ് പുന്നപ്ര വടക്ക് പുത്തൻപറമ്പിൽ വീട്ടിൽ കുഞ്ഞുമോൻ- ഷീബ ദമ്പതികളുടെ മകനായ അശ്വിൻ. ഐ.ടി.ഐ പഠന ശേഷം പൊതുരംഗത്ത് സജീവം. കൊവിഡ് ബാധിച്ച് മരണമടയുന്നവരുടെ സംസ്കാര ചടങ്ങുകൾ നടത്താനും മുൻപന്തിയിലുണ്ട്. ഫയർ ആൻഡ് റസ്ക്യൂ വോളന്റിയറും ഡി.വൈ.എഫ്.ഐ പ്രവർത്തകയുമാണ് രേഖ. ബി​രുദധാരി​യാണ്. കഴിഞ്ഞ കൊവിഡ് കാലത്ത് പഞ്ചായത്ത് കൺട്രോൾ റൂമിലും സജീവമായിരുന്നു. പുന്നപ്ര വടക്ക് കന്നിട്ട വെളിയിൽ റെജിമോൻ - പ്രഭ ദമ്പതികളുടെ മകൾ.

Advertisement
Advertisement