കൊവിഡ്: കേന്ദ്രത്തിന്റെ ധനക്കമ്മി പരിധിവിടും

Saturday 08 May 2021 3:16 AM IST

ന്യൂഡൽഹി: കേന്ദ്രസർക്കാർ നടപ്പുവർഷത്തെ ബഡ്‌ജറ്റിൽ ലക്ഷ്യമിട്ട ധനക്കമ്മി, കൊവിഡ് പശ്ചാത്തലത്തിൽ പരിധിവിട്ടുയരുമെന്ന് റേറ്റിംഗ് ഏജൻസിയായ ഫിച്ച് സൊല്യൂഷൻസിന്റെ വിലയിരുത്തൽ. ജി.ഡി.പിയുടെ 6.8 ശതമാനമായിരിക്കും നടപ്പുവർഷം (2021-22) ധനക്കമ്മി എന്നാണ് ഫെബ്രുവരിയിൽ അവതരിപ്പിച്ച ബഡ്‌ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയത്. എന്നാൽ, കൊവിഡ് പ്രതിരോധത്തിനായും വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കായും കൂടുതൽ തുക ചെലവഴിക്കേണ്ടി വരുമെന്നതിനാൽ ഇക്കുറി ധനക്കമ്മി 8.3 ശതമാനം കടക്കുമെന്നാണ് ഫിച്ച് പറയുന്നത്.

കേന്ദ്രസർക്കാരിന്റെ വരുമാനവും ചെലവും തമ്മിലെ അന്തരമായ ധനക്കമ്മി 2019-20ൽ 4.6 ശതമാനമായിരുന്നത് കഴിഞ്ഞവർഷം 9.5 ശതമാനത്തിലെത്തിയിരുന്നു. 34.8 ലക്ഷം കോടി രൂപയായിരിക്കും നടപ്പുവർഷം കേന്ദ്രത്തിന്റെ ചെലവ്. വരുമാനം 16.5 ലക്ഷം കോടി രൂപയിലൊതുങ്ങുമെന്നും ഫിച്ച് കരുതുന്നു. അടിസ്ഥാനസൗകര്യം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളിലും തൊഴിലുറപ്പ് പദ്ധതിയിലും ഈവർഷം സർക്കാർ കൂടുതൽ ചെലവ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Advertisement
Advertisement