ഇത് ജീവവായു, കടത്തി വിടുക

Saturday 08 May 2021 12:18 AM IST
മല്ലപ്പള്ളിയിൽ ഓക്സിജൻ ശേഖരിക്കാനായി ക്രമീകരിച്ച ടാങ്കർ വാഹനങ്ങൾ

പത്തനംതിട്ട : ആംബുലൻസ് മാത്രമല്ല ബീക്കൺ ലൈറ്റും അലാറവും മുഴങ്ങുന്ന ടാങ്കർ വാഹനവും ട്രാഫിക് ബ്ലോക്കിൽപ്പെടാതെ കടത്തി വിടണം. ജില്ലയിൽ ഓക്സിജൻ ക്ഷാമം വർദ്ധിച്ച് വരുമ്പോൾ ടാങ്കർ വാഹനങ്ങൾ പലതും ഓക്സിജൻ ശേഖരിക്കാനായി സർക്കാർ ഏറ്റെടുക്കുകയാണ്. എന്നാൽ ഈ ടാങ്കർ വാഹനങ്ങൾ പലപ്പോഴും ഗതാഗത കുരുക്കിൽപ്പെടുന്നുണ്ട്. ഇത് ഒഴിവാക്കാൻ പൊതുജനങ്ങളും പൊലീസും ശ്രമിക്കണമെന്ന് മോട്ടോർ വെഹിക്കിൾ വിഭാഗം പറയുന്നു. കേരള മോട്ടോർ വാഹന വകുപ്പിന്റെ നിർദേശം അനുസരിച്ചാണ് ടാങ്കർ വാഹനങ്ങളിൽ ബീക്കൺ ലൈറ്റും അലാറവും ഘടിപ്പിക്കുന്നത്.

ജില്ലയിൽ മല്ലപ്പള്ളി സബ് ആർ.ടി.ഒ ഓഫീസിന്റെ നേതൃത്വത്തിൽ മല്ലപ്പള്ളി കുന്നന്താനം ഓസോൺ ഗ്യാസ് ഏജൻസിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ടാങ്കർ വാഹനങ്ങളിൽ ബീക്കൺ ലൈറ്റും അലാറവും ഘടിപ്പിച്ചിട്ടുണ്ട്. ഇവർ പാലക്കാട് നിന്നാണ് ഓക്സിജൻ എടുക്കുന്നത്. അത് ഓക്സിജൻ ശേഖരിക്കുന്ന വാർ റൂമിലെത്തിക്കും. ഓക്സിജൻ ശേഖരണത്തിനായി കൂടുതൽ വാഹനങ്ങൾ ഉപയോഗിക്കാൻ സാദ്ധ്യതയും ഉണ്ട്. അനേകർ ഓക്സിജനായി കാത്തിരിക്കുമ്പോൾ ഓക്സിജനുമായി വരുന്ന വാഹനങ്ങൾക്ക് അതിവേഗം കടന്നുപോകാൻ കഴിയുന്ന രീതിയിൽ പൊലീസും ജനങ്ങളും ക്രമീകരണം നൽകേണ്ടതുണ്ട്. മെഡിക്കൽ ഓകിസിജൻ, ഹോസ്പിറ്റൽ സർവീസ് എന്ന് വാഹനങ്ങളിൽ എഴുതിയിട്ടുണ്ടെങ്കിലും പൊലീസിനു പോലും അടുത്തെത്തിയാൽ മാത്രമേ ഇത് ഓക്സിജനുമായെത്തുന്ന വാഹനമാണെന്ന് മനസിലാകു. ആളുകൾക്ക് പരിചയമില്ലാത്തതിനാൽ അവരും മാർഗ തടസമായി നിൽക്കുകയാണ് പതിവ്. കളക്ടറിനും ബന്ധപ്പെട്ട അധികാരികൾക്കും ഇത് സംബന്ധിച്ച വിവരം മോട്ടോർ വാഹനവകുപ്പ് കൈമാറിയിട്ടുണ്ട്.

" ഓക്സിജനുമായെത്തുന്ന ടാങ്കർ വാഹനങ്ങൾ പരിചയമില്ലാത്തതിനാൽ ആരും ശ്രദ്ധിക്കാറില്ല. അതാണ് ട്രാഫിക്കിൽപ്പെട്ട് ഇത്തരം വാഹനങ്ങൾ കിടക്കേണ്ടി വരുന്നത്. ജനങ്ങൾ ബോധവാൻമാരായാൽ ഇതിന് പരിഹാരം കാണാവുന്നതേയുള്ളു. ആംബുലൻസ് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഈ വാഹനവും. "

ആർ. പ്രസാദ്

(മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മല്ലപ്പള്ളി)

Advertisement
Advertisement