തിരുവല്ലയിൽ കൊവിഡ് കുതിക്കുന്നു: രണ്ടാംഘട്ട വ്യാപനം അതിരൂക്ഷം

Saturday 08 May 2021 12:22 AM IST

തിരുവല്ല: താലൂക്കിലും സമീപ പ്രദേശങ്ങളിലും കൊവിഡ് രണ്ടാംഘട്ട വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിൽ ഏറ്റവുമധികം പേർക്ക് കൊവിഡ് ബാധിച്ച നഗരസഭ തിരുവല്ലയാണ്. മരണനിരക്കും വർദ്ധിച്ചിട്ടുണ്ട്. വ്യാഴാഴ്ചവരെ മാത്രം 636 പേർ ചികിത്സയിലാണ്. ഇന്നലെ മാത്രം 61 പേർക്ക് പുതിയതായി രോഗബാധ ഉണ്ടായി. ഗുരുതരപ്രശ്‍നങ്ങൾ ഉള്ളവർ മാത്രമാണ് കോഴഞ്ചേരി ആശുപത്രിയിൽ ചികിത്സയിലുള്ളത്. അവിടെ ഇപ്പോൾ രോഗികൾ കൂടിയതിനാൽ ബെഡുകൾ ലഭിക്കാത്ത സാഹചര്യമാണ്. ഇതുകാരണം സങ്കീർണ്ണ പ്രശ്നങ്ങൾ ഇല്ലാത്തവർ വീടുകളിൽ തന്നെ ക്വാറന്റൈനിൽ തുടരുന്നു. തിരുവല്ല നഗരസഭയിൽ മുമ്പ് പ്രവർത്തിച്ചിരുന്ന കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതോടെ നിലവിൽ ഒന്നുമില്ല. രോഗികൾ വർദ്ധിച്ചതിനാൽ തിരുവല്ല മാർത്തോമ്മാ കോളേജിന്റെ പഴയ ഹോസ്റ്റൽ അറ്റകുറ്റപ്പണികൾ ചെയ്‌ത്‌ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. 100 കിടക്കകൾ സജ്ജമാക്കി അടുത്ത ചൊവ്വാഴ്ചയോടെ ഹോസ്റ്റലിൽ ചികിത്സാകേന്ദ്രം ആരംഭിക്കാനാകുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ പറഞ്ഞു.

പിടിവിട്ട് പഞ്ചായത്തുകളിലും

തിരുവല്ല നഗരസഭയ്ക്ക് പിന്നാലെ സമീപത്തെ മല്ലപ്പള്ളി താലൂക്കിലും രോഗവ്യാപനം കൂടുതലാണ്. ജില്ലയിലെ രോഗവ്യാപനം കൂടിയ എട്ട് പഞ്ചായത്തുകളിൽ നാലും തിരുവല്ലയുടെ സമീപ പ്രദേശങ്ങളിലാണ്. കുന്നന്താനം, മല്ലപ്പള്ളി, ആനിക്കാട്, ഇരവിപേരൂർ എന്നീ പഞ്ചായത്തുകളിലാണ് രോഗവ്യാപനം കൂടുതലുള്ളത്. ഇവിടെങ്ങളിൽ ഇരുന്നൂറിലധികം രോഗബാധിതരുണ്ട്. ഇരവിപേരൂരിൽ മുന്നൂറിലധികമാണ് രോഗികൾ. തിരുവല്ല താലൂക്കിലെ മറ്റു പഞ്ചായത്തുകളിലും കൊവിഡ് രോഗികൾ മുമ്പത്തേക്കാളും കൂടുതലാണ്. പലയിടത്തും ഒന്നിലേറെ ക്ലസ്റ്ററുകൾ രൂപപ്പെട്ടതാണ് രോഗവ്യാപനം വർദ്ധിക്കാൻ കാരണമായതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. സമീപപ്രദേശങ്ങളിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ ഉൾപ്പെടെ നാല് മൃതദേഹങ്ങൾ വരെ ദിവസവും തിരുവല്ല നഗരസഭയുടെ ശ്‌മശാനത്തിൽ എത്തിച്ച് സംസ്കരിക്കുന്നുണ്ട്. നഗരസഭാ ആരോഗ്യ വിഭാഗമാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്.

ദുരിതാശ്വാസ ഫണ്ടിനായി നഗരസഭയും
കൊവിഡ് രണ്ടാംഘട്ട വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തിരുവല്ല നഗരസഭാ പരിധിയിൽ കൊവിഡ് ചികിത്സയിലുള്ളവർക്കും രോഗദുരിതങ്ങളിൽ കഴിയുന്നവർക്കും ഭക്ഷണവും മരുന്നുകളും മറ്റും എത്തിക്കാനുള്ള നടപടികൾക്ക് നഗരസഭ തുടക്കംകുറിച്ചു. നഗരസഭ നടത്തിവരുന്ന രോഗപ്രതിരോധ സഹായ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാൻ താൽപ്പര്യമുള്ളവർക്ക് നഗരസഭാ ചെയർപേഴ്‌സന്റെ പേരിലുള്ള ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാം. ഇതിനായി സെക്രട്ടറി, തിരുവല്ല മുൻസിപ്പാലിറ്റി, ഇന്ത്യൻ ബാങ്ക് തിരുവല്ല ശാഖയിൽ 6483179415 നമ്പർ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി IDIB000T121.

ഹെൽപ് ഡെസ്ക്ക്

നെടുമ്പ്രം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെടുമ്പ്രം പഞ്ചായത്തിൽ ഹെൽപ് ഡെസ്ക്ക് തുടങ്ങി.

ഫോൺ: 0469 2643187, 9188302731,7012590486, 8547733479, 9447798365.

Advertisement
Advertisement