ഫേസ്ഷീൽഡ് ഊരാതെ വെള്ളം കുടിക്കാം, സദാ ശുദ്ധവായു

Saturday 08 May 2021 12:37 AM IST
ഫിലിപ്പ് ഡാനിയേൽ പേറ്റൻ്റ് ലഭിച്ച മാസ്കുമായി

 കണ്ടുപിടിത്തവുമായി മലയാളി

കൊച്ചി: ഈ ഫേസ് ഷീൽഡ് മാറ്റാതെ സ്ട്രോ ഉപയോഗിച്ച് പാനീയങ്ങൾ കഴിക്കാം. ബാറ്ററി ചാർജിൽ അകത്ത് സദാ ശുദ്ധവായു പ്രവഹിക്കും. ഉച്‌ഛ്വാസ വായു പുറത്തു പോകാൻ പ്രത്യേക വെന്റിലേഷൻ....

മലയാളി എൻജിനിയറും മാനേജ്മെന്റ് വിദഗ്ദ്ധനുമായ ഫിലിപ് ഡാനിയേൽ രൂപകല്പന ചെയ്‌ത പ്ലാസ്റ്റിക് ഫേസ് ഷീൽഡിന് പ്രത്യേകതകൾ ഏറെ. 'ഡാനിയേൽസ് ഫേസ് ഷീൽഡ് ' എന്ന പേരിൽ പേറ്റന്റും ലഭിച്ചു. ഇന്ത്യൻ പേറ്റന്റ് ഓഫീസിൽ നിന്ന് കഴിഞ്ഞ 26നാണ് ഇതിന്റെ അറിയിപ്പ് കിട്ടിയത്.

ആറന്മുള സ്വദേശിയായ ഫിലിപ് ഡാനിയേൽ കൊച്ചിയിലാണ് താമസിക്കുന്നത്. മെക്കാനിക്കൽ എൻജിനിയറിംഗ്, മാനേജ്‌മെന്റ് ബിരുദധാരിയാണ്. 35 വർഷമായി ഓട്ടോമൊബൈൽ മേഖലയിലും പത്ത് വർഷമായി മാനേജ്‌മെന്റ് കൺസൾട്ടന്റായും പ്രവർത്തിക്കുന്നു.

നിലവിലുള്ള ഫേസ് ഷീൽഡിന്റെയും മാസ്കിന്റെയും പോരായ്‌മകൾ പരിഹരിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഫിലിപ്പ് ഡാനിയേൽ കേരളകൗമുദിയോട് പറഞ്ഞു. മുഖം മറയില്ല. ഊരിമാറ്റാതെ വെള്ളവും കുടിക്കാം. പൊതുജനങ്ങൾക്കൊപ്പം രോഗികൾ,​ ഡോക്ടർമാർ,​ മറ്റ് ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, മുഖം തിരിച്ചറിയേണ്ട മേഖലകളിലുള്ളവർ എന്നിവർക്ക് പ്രയോജനപ്പെടും.

ഫേസ് ഷീൽഡ് പ്രത്യേകതകൾ

1. അലർജി ഉണ്ടാക്കാത്ത മെഡിക്കൽ ഗ്രേഡ് പ്ലാസ്റ്റിക് ആണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ഭാരം 200 ഗ്രാമിൽ കുറവ്

2. മാസ്‌കിൽ ശുദ്ധവായു പ്രവഹിക്കാൻ ബാറ്ററി ഉപയോഗിച്ചുള്ള എയർ എക്സ്ചേഞ്ച് സംവിധാനം. നാല് ഫിൽട്ടറുകൾ

3. പുറത്തു നിന്ന് അണുക്കൾ കടക്കില്ല. രോഗി ധരിച്ചാൽ ഉച്‌ഛ്വാസ വായുവിനൊപ്പം രോഗാണുക്കൾ പുറത്തേക്ക് പോവില്ല

4. കൂടുതൽ നേരം ഉപയോഗിക്കുമ്പോൾ മൊബൈൽ പോലെ ചാർജ് ചെയ്യാം. ഇതിനായി ബാറ്ററി പായ്ക്ക് ഒപ്പം

5. ഫേസ് ഷീൽഡ് മാറ്റാതെ സ്ട്രോ ഉപയോഗിച്ച് ദ്രവ ഭക്ഷണം കഴിക്കാനും സൗകര്യം. രോഗികൾക്ക് സൗകര്യപ്രദം

'ഫേസ് ഷീൽഡ് വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കാൻ സാങ്കേതിക വിദ്യ കൈമാറാൻ വിശ്വാസ്യതയുള്ള ചില കമ്പനികളുമായി ചർച്ച നടക്കുന്നു. വിലയെപ്പറ്റി ധാരണയായിട്ടില്ല. എങ്കിലും താങ്ങാവുന്നതായിരിക്കും. ഇന്റർനാഷണൽ പേറ്റന്റിനും ശ്രമിക്കുന്നുണ്ട്''

- ഫിലിപ് ഡാനിയേൽ