കേരളത്തിന് 1800കോടിയുടെ ലോകബാങ്ക് സഹായം

Saturday 08 May 2021 12:00 AM IST

തിരുവനന്തപുരം: പ്രളയപുനർനിർമ്മാണ പദ്ധതിയായ റീബിൽഡ് കേരളയുടെ ഭാഗമായ റിസൈലന്റ് കേരള രണ്ടാം ഘട്ടത്തിന് ലോക ബാങ്കിന്റേയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റേയും 25 കോടി ഡോളർ (1831.22 കോടി രൂപ) സഹായം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇതുസംബന്ധിച്ച് ലോകബാങ്ക്, എ. ഐ. ഐ. ബി, കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ എന്നിവർ ഉടൻ കരാറിലേർപ്പെടും. ഇതിനായി കേരളം സമർപ്പിച്ച പദ്ധതി കേന്ദ്ര ധനകാര്യ വകുപ്പിന്റെ സ്‌ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ചിരുന്നു.ലോകബാങ്കുമായി ചർച്ചകൾ പൂർത്തിയായിരുന്നു. എ. ഐ. ഐ. ബിയുമായി അടുത്ത ആഴ്ച ചർച്ച നടക്കും. തുടർന്ന് കേന്ദ്രം ആദ്യം ബാങ്കുകളുമായി കരാർ ഒപ്പിടും. പിന്നീടാ‌ണ് സംസ്ഥാനം കരാറിലേർപ്പെടുക.

കേരളത്തിന്റെ ആസ്തി മെച്ചപ്പെടുത്തി പ്രളയത്തെ ചെറുക്കാനും ഹരിത കേരള പുനർനിർമ്മാണത്തിനും പദ്ധതി ഉപകരിക്കും. കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം, പകർച്ചവ്യാധി,​ മഹാമാരി എന്നിവയെ ചെറുക്കാനുള്ള കേരളത്തിന്റെ ശേഷി വർദ്ധിപ്പിക്കാനാണ് സഹായം. ലോകബാങ്ക് നേരത്തെ 1779 കോടി രൂപയുടെയും ജർമ്മൻ ഡെവലപ്‌മെന്റ് ബാങ്ക് 10 കോടി യൂറോയുടെയും (890.62കോടി രൂപ)സഹായം ലഭ്യമാക്കിയിരുന്നു.

മാർച്ചിൽ 21കോടി ഡോളറിന്റെ (1538.64കോടി രൂപ) ഖരമാലിന്യ സംസ്‌കരണ പദ്ധതിക്കുള്ള സഹായം വേൾഡ് ബാങ്ക് അംഗീകരിച്ചിരുന്നു. പെരുമാറ്റ ചട്ടം കാരണം അത് അപ്പോൾ പ്രസിദ്ധപ്പെടുത്താൻ കഴിയില്ലായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.