മൂന്നാറിലെ സി.എസ്.ഐ ധ്യാനം കൊവിഡ് നിയന്ത്രണം ലംഘിച്ച്
മൂന്നാർ: സി.എസ്.ഐ സഭ ദക്ഷിണ കേരള മഹായിടവകയുടെ നേതൃത്വത്തിൽ മൂന്നാറിൽ സഭാ ശുശ്രൂഷകരുടെ വാർഷിക ധ്യാനയോഗം നടത്തിയത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് ദേവികുളം സബ് കളക്ടർ എസ്. പ്രേംകൃഷ്ണൻ ജില്ലാ കളക്ടർ എച്ച്. ദിനേശന് റിപ്പോർട്ട് നൽകി. മൂന്നാർ വില്ലേജ് ഒാഫീസറുടെയും ദേവികുളം തഹസിൽദാരുടെയും റിപ്പോർട്ടുകൾ സബ്കളക്ടർ ശരിവച്ചു. സംഘാടകർക്കും മൂന്നാറിലെ പള്ളി അധികൃതർക്കും വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തു. ഏപ്രിൽ 13 മുതൽ 17 വരെയാണ് 480 വൈദികർ പങ്കെടുത്ത വാർഷിക ധ്യാനം മൂന്നാറിലെ സി.എസ്.ഐ ക്രൈസ്റ്റ് പള്ളിയിൽ നടന്നത്. പിന്നാലെ നൂറിലധികം വൈദികർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്തു. സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക വിശ്വാസികൾ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ധ്യാനത്തിന്റെ സംഘാടകരെയും പങ്കെടുത്ത വൈദികരെയും പള്ളി അധികൃതരെയും പ്രതികളാക്കി മൂന്നാർ പൊലീസ് കേസെടുത്തിരുന്നു