വിദേശ നാണയ ശേഖരത്തിൽ വീണ്ടും കുതിപ്പ്

Saturday 08 May 2021 3:54 AM IST

മുംബയ്: ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരത്തിൽ മുന്നേറ്റം തുടരുന്നു. ഏപ്രിൽ 30ന് അവസാനിച്ച ആഴ്‌ചയിൽ 391.3 കോടി ഡോളറിന്റെ കുതിപ്പോടെ വിദേശ നാണയ ശേഖരം 58,802 കോടി ഡോളറിൽ എത്തിയെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കി. ഏപ്രിൽ 23ന് സമാപിച്ച വാരത്തിൽ 170.1 കോടി ഡോളറിന്റെ വർദ്ധനയും ശേഖരത്തിലുണ്ടായിരുന്നു.

ഈ വർഷം ജനുവരി 29ന് കുറിച്ച 59,018.5 കോടി ഡോളറാണ് വിദേശ നാണയ ശേഖരത്തിന്റെ എക്കാലത്തെയും ഉയരം. കേവലം 216 കോടി ഡോളർ കൂടി വർദ്ധിച്ചാൽ വിദേശ നാണയ ശേഖരത്തിന് പുതിയ ഉയരം കുറിക്കാം. വിദേശ നാണയ ആസ്‌തിയിലെ (എഫ്.സി.എ) വർദ്ധനയാണ് കഴിഞ്ഞവാരം നേട്ടമായത്. ഇത് 441.3 കോടി ഡോളർ ഉയർന്ന് 54,605.9 കോടി ഡോളറിലെത്തി. ഡോളറിലാണ് സൂചിപ്പിക്കുന്നതെങ്കിലും വിദേശ നാണയ ശേഖരത്തിൽ യൂറോ, പൗണ്ട്, യെൻ തുടങ്ങിയവയുമുണ്ട്.

കഴിഞ്ഞവാരം കരുതൽ സ്വർണ ശേഖരം 50.5 കോടി ഡോളർ താഴ്‌ന്ന് 3,546.4 കോടി ഡോളറിലുമെത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. അന്താരാഷ്‌ട്ര നാണയ നിധിയിലെ (ഐ.എം.എഫ്) ഇന്ത്യയുടെ സ്‌പെഷ്യൽ ഡ്രോവിംഗ് റൈറ്റ്‌സ് (എസ്.ഡി.ആർ) 30 ലക്ഷം ഡോളർ ഉയർന്ന് 150.8 കോടി ഡോളറായി. ഐ.എം.എഫിലെ ഇന്ത്യയുടെ കരുതൽ ശേഖരത്തിൽ 20 ലക്ഷം ഡോളറിന്റെ വർദ്ധനയുമുണ്ട്. ഇതിപ്പോൾ 499 കോടി ഡോളറാണ്.