ഡോ.പി.എ.തോമസ് നിര്യാതനായി

Saturday 08 May 2021 12:02 AM IST

തിരുവനന്തപുരം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്ലാസ്റ്റിക് സർജറി വിഭാഗം മുൻ മേധാവി കുമാരപുരം പുല്ലംപള്ളിൽ വീട്ടിൽ ഡോ.പി.എ.തോമസ് (92) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് ശ്രീകാര്യം ബെഥേൽ മാർത്തോമ പള്ളിയിൽ നടക്കും. സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായി പ്ലാസ്റ്റിക് സർജറി വിഭാഗം തുടങ്ങിയത് ഡോ.പി.എ.തോമസിന്റെ നേതൃത്വത്തിലാണ്.അസോസിയേഷൻ ഒഫ് പ്ലാസ്റ്റിക് സർജൻസ് ഒഫ് ഇന്ത്യയുടെ പ്രസിഡന്റാകുന്ന ആദ്യത്തെ മലയാളിയാണ് റാന്നി സ്വദേശിയായ ഡോ.തോമസ്. മുംബയ് ഗ്രാൻഡ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും എം.എസും പൂർത്തിയാക്കിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. യു.കെയിലെ ഈസ്റ്റ് ഗ്രിൻസെഡിൽ പ്ലാസ്റ്റിക് സർജറി പരിശീലനം പൂർത്തിയാക്കിയ ശേഷം സംസ്ഥാനത്ത് ആദ്യത്തെ പ്ലാസ്റ്റിക് സർജറി ഡിപ്പാർട്ട്മെന്റിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടക്കമിട്ടു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളുടെ ഡയറക്ടറായാണ് വിരമിച്ചത്.കേരളത്തിലെ ആദ്യത്തെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ഡോ. തോമസാണ്. മാർത്തോമ സഭയുടെ കീഴിലുള്ള ആദ്യത്തെ ഹോസ്പിറ്റൽ ഗൈഡൻസ് സൊസൈറ്റി തിരുവനന്തപുരത്ത് രൂപീകരിക്കാൻ നേതൃത്വം നൽകി. ലീലയാണ് ഭാര്യ. മക്കൾ: ഡോ. റോഷൻ തോമസ് (അനസ്തേഷ്യോളജിസ്റ്റ്, പൂനെ), ഡോ. ഉഷാ ടൈറ്റസ് ( മുൻ പ്രിൻസിപ്പൽ സെക്രട്ടറി, കേരള കേഡർ), ഡോ.ആശാ തോമസ് (അഡി.ചീഫ് സെക്രട്ടറി, കേരള കേഡർ). മരുമക്കൾ: ടി.സി.ബെഞ്ചമിൻ (റിട്ട.അഡി.ചീഫ് സെക്രട്ടറി, മഹാരാഷ്ട്ര), ഡോ.ടൈറ്റസ് പി.കോശി ( മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ, റെയിൽവേ ബോർഡ് ), മാത്യു ചാണ്ടി (അർബൻ ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, യു.എസ്)

Advertisement
Advertisement