ലോക്ക്ഡൗൺ: ഗുരുവായൂരിൽ ഇന്നലെ നടന്നത് 25 വിവാഹം

Saturday 08 May 2021 12:04 AM IST

ഗുരുവായൂർ: ലോക്ക്ഡൗണിനെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിലായി ഗുരുവായൂർ ക്ഷേത്രത്തിൽ നടത്താനിരുന്ന 25 വിവാഹങ്ങൾ ഇന്നലെ നടന്നു. ശനിയാഴ്ച 50ഉം ഞായറാഴ്ച 106ഉം വിവാഹങ്ങൾക്കാണ് ശീട്ടാക്കിയിരുന്നത്. മേയ് എട്ട് മുതൽ ആരാധനാലയങ്ങളിൽ ആർക്കും പ്രവേശിക്കാനാകില്ല. വിവാഹമുൾപ്പെടെയുള്ള ചടങ്ങുകളും നടത്താനാകില്ല.

തുടർന്ന് ശനി, ഞായർ ദിവസങ്ങളിലേക്ക് ശീട്ടാക്കിയ വിവാഹങ്ങൾ വെള്ളിയാഴ്ച നടത്തണമെന്നാവശ്യപ്പെട്ട സംഘങ്ങൾക്ക് ദേവസ്വം അനുമതി നൽകുകയായിരുന്നു. ചടങ്ങിൽ 20 പേർ വീതം പങ്കെടുക്കാനും അനുവദിച്ചു. പക്ഷേ നിശ്ചയിച്ച ദിവസം വിവാഹം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ഭൂരിഭാഗംപേരും പിൻവാങ്ങി. നിശ്ചയിച്ച ദിവസത്തിന് മുമ്പ് 25 വിവാഹങ്ങൾ നടന്ന സാഹചര്യം മുമ്പ് ഗുരുവായൂരിലുണ്ടായിട്ടില്ല. വെള്ളിയാഴ്ച മറ്റ് വിവാഹങ്ങൾ ബുക്ക് ചെയ്യാതിരുന്നതും ഈ സംഘങ്ങൾക്ക് ഗുണകരമായി. ഗുരുവായൂരിൽ 13ന് 58ഉം 14ന് 25ഉം 16ന് 18ഉം 17ന് 31ഉം 20ന് 35ഉം 22ന് 19ഉം 23ന് 98ഉം 30ന് 91ഉം വിവാഹങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്. 16ന് ശേഷമുള്ള സർക്കാർ ഉത്തരവ് അനുസരിച്ചേ 17 മുതലുള്ള വിവാഹങ്ങൾ ക്ഷേത്രത്തിൽ നടത്തുന്നതിനെക്കുറിച്ച് തീരുമാനിക്കൂ. മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ 20 പേരെ പങ്കെടുപ്പിച്ച് നടത്താമെന്നുള്ളത് ക്ഷേത്രങ്ങൾക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബുക്കിംഗ് തുക മടക്കി കിട്ടണമെന്നുള്ളവർക്ക് തിരിച്ചുനൽകുമെന്നും ഗുരുവായൂർ ദേവസ്വം വ്യക്തമാക്കി.