കാക്കനാട് കെ.ബി.പി.എസിൽ കൊവിഡ് പടരുന്നു; അടച്ചിടണമെന്ന് തൊഴിലാളികൾ

Saturday 08 May 2021 2:09 AM IST

# 43 പേർക്ക് കൊവിഡ്

തൃക്കാക്കര: സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അച്ചടിശാലയായ കാക്കനാട് കെ.ബി.പി.എസിൽ വിവിധ വിഭാഗങ്ങളിലായി 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവിടെ 186 ജീവനക്കാരാണുള്ളത്. അതിൽ ലോട്ടറി, പ്രിന്റിംഗ്, ഓഫീസ്, സ്റ്റോർ, കാന്റീൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഏറ്റവും കൂടുതൽ രോഗികളുള്ളത് പ്രിന്റിംഗ് വിഭാഗത്തിലാണ്.21പേർ. ലോട്ടറി വിഭാഗത്തിൽ -11, ഓഫീസ് ജീവനക്കാർ - 5, കാന്റീൻ - 5,സ്റ്റോർ - 1 എന്നിങ്ങനെയാണ് രോഗബാധ. ഇതിൽ ഭൂരിഭാഗം പേരുടെയും വീട്ടുകാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ മാത്രം നാലു പേർക്ക് രോഗം സ്ഥിരീകരിച്ചു. കെ.ബി.പി.എസിലെ ശേഷിച്ച ഭൂരിഭാഗം ജീവനക്കാരും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോട്ടറി അച്ചടി നിറുത്തിവച്ചിരിക്കുകയാണ്. എസ്.എസ്.എൽ.സി പാഠപുസ്തക അച്ചടി പൂർത്തീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ കെ.ബി.പി.എസിൽ ചുരുങ്ങിയത് ഒരാഴ്ചത്തെ ലോക്ക് ഡൗൺ വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

ലോക്ക് ഡൗൺ നടപ്പാക്കണം: തൊഴിലാളികൾ

കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ കെ.ബി.പി.എസിൽ ലോക്ക് ഡൗൺ നടപ്പാക്കണമെന്ന് ട്രേഡ് യൂണിയനുകൾ സംയുക്തമായി എം.ഡിക്ക് കത്ത് നൽകി.സാമൂഹിക അകലം പാലിച്ച ജോലിചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്ന് കത്തിൽ പറയുന്നു. കെ.ബി.പി.എസിന് സമയബന്ധിതമായി പ്രിന്റിംഗ് പൂർത്തീകരിക്കേണ്ടിവന്നാൽ ട്രേഡ് യൂണിയനുകൾ ഉത്തരവാദിത്വം ഏറ്റെടുത്ത് അടിയന്തരമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്നും എംപ്ളോയീസ് അസോസിയേഷൻ (സി.ഐ.ടി .യു), കെ.ബി.പി.എസ് സ്റ്റാഫ് ആൻഡ് വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി), കെ.ബി.പി.എസ് എംപ്ളോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) എന്നിവരുടെ നേതൃത്വത്തിൽ കെ.ബി.പി.എസ് സി.എം.ഡി ക്ക് കൊടുത്ത കത്തിൽ പറയുന്നു. മുഖ്യമന്ത്രി, ജില്ലാ കളക്ടർ, ലേബർ ഓഫീസർ എന്നിവർക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് തൊഴിലാളി യൂണിയനുകൾ.

Advertisement
Advertisement