എസ്.എൻ.ഡി.പി യോഗം ഭാരവാഹി തിരഞ്ഞെടുപ്പ്: വ്യാജ ഒപ്പിട്ട് നൽകിയ പത്രികകൾ തള്ളി
₹തള്ളിയത് ഗോകുലം ഗോപാലന്റെയും,വിദ്യാസാഗറിന്റെയും പത്രികകൾ
കൊല്ലം: എസ്.എൻ.ഡി.പി യോഗം ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ,പിന്തുണയ്ക്കുന്ന ആളുടെ വ്യാജ ഒപ്പിട്ട് നൽകിയ നാമനിർദ്ദേശ പത്രികകൾ തള്ളി. യോഗം പ്രസിഡന്റ് സ്ഥാനത്തേക്ക് വിദ്യാസാഗർ, ജനറൽ സെക്രട്ടറി പദത്തിലേക്ക് ഗോകുലം ഗോപാലൻ എന്നിവർ സമർപ്പിച്ച പത്രികകളാണ് റിട്ടേണിംഗ് ഓഫീസർ തള്ളിയത്.
ഇരുവരുടെയും നാമനിർദ്ദേശ പത്രികയിൽ എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ 321-ാം നമ്പർ ശാഖാംഗവും യോഗം വാർഷിക പൊതുയോഗ പ്രതിനിധി പട്ടികയിൽ 3468-ാം ക്രമനമ്പരുകാരനുമായ തോട്ടപ്പള്ളി കോളനി നമ്പർ 20, ജിത്തുഭവനിൽ മന്മഥൻ പിന്താങ്ങിയതായാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ തന്റെ അറിവില്ലാതെയാണിതെന്നും ,പത്രികയിലെ ഒപ്പ് തന്റേതല്ലെന്നും മന്മഥൻ റിട്ടേണിംഗ് ഓഫീസർ മുൻപാകെ ഹാജരായി പരാതി നൽകി.
ഗോകുലം ഗോപാലനെയും വിദ്യാസാഗറിനെയും നേരത്തെ അച്ചടക്കനടപടിയുടെ ഭാഗമായി യോഗത്തിൽ നിന്ന് പുറത്താക്കിയിരുന്നു. അച്ചടക്ക നടപടി നേരിട്ടവർക്ക് മത്സരിക്കണമെങ്കിൽ യോഗം കൗൺസിലിന്റെ അനുമതി വേണം. ഇങ്ങനെയൊരു അനുമതി യോഗം കൗൺസിൽ ഇരുവർക്കും നൽകിയിട്ടില്ല. ഇക്കാരണങ്ങളാലാണ് സൂക്ഷ്മ പരിശോധനയിൽ ഇരുവരുടെയും പത്രിക തള്ളിയത്. തന്റെ വ്യാജ ഒപ്പിട്ട് നാമനിർദ്ദേശ പത്രിക സമർപ്പിച്ചവർക്കെതിരെ സംഘടനാ നടപടി ആവശ്യപ്പെട്ട് മന്മഥൻ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പരാതി നൽകി.
ഔദ്യോഗിക പാനലിലെ എല്ലാ സ്ഥാനാർത്ഥികളുടെയും പത്രിക സൂക്ഷ്മ പരിശോധനയിൽ അംഗീകരിച്ചു. ഡോ. എം.എൻ. സോമൻ, (പ്രസിഡന്റ്), തുഷാർ വെള്ളാപ്പള്ളി (വൈസ് പ്രസിഡന്റ്), വെള്ളാപ്പള്ളി നടേശൻ (ജനറൽ സെക്രട്ടറി), അരയാക്കണ്ടി സന്തോഷ് (ദേവസ്വം സെക്രട്ടറി) എന്നിവരാണ് ഔദ്യോഗിക പാനൽ സ്ഥാനാർത്ഥികൾ.