ലോക്ക് ഡൗണിന്റെ മറവിൽ സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തിയാൽ നടപടി :മുഖ്യമന്ത്രി

Friday 07 May 2021 11:19 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണിനും കൊവിഡിനും മറവിൽ കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വാക്സിൻ ഇറക്കുന്നത് കൂലിത്തർക്കമുന്നയിച്ച് തൊഴിലാളികൾ തടഞ്ഞെന്ന വ്യാജ പ്രചാരണം. ഇത്തരത്തിലൊന്നാണ് .നിസ്വാർത്ഥമായി ജോലി ചെയ്യുന്ന തൊഴിലാളികളുടെ മനോവീര്യം കെടുത്താൻ മാത്രമല്ല ,കേരളത്തെ മോശമായി ചിത്രീകരിക്കാൻ കൂടിയാണിത്. ഈ മഹാമാരിയുടെ ആക്രമണത്തിൽ നിന്ന് നാടിനെ സംരക്ഷിക്കാൻ സ്വയം മറന്ന് കർമ്മരംഗത്തുള്ളത് ലക്ഷക്കണക്കിന് മനുഷ്യരാണ്. അവർക്ക് എല്ലാ സൗകര്യവും നൽകുകയാണ് സമൂഹത്തിന്റെ ഉത്തരവാദിത്തം. അതിനിടയിൽ ശ്മശാനത്തിൽ തിരക്ക്, ഓക്സിജൻ കിട്ടുന്നില്ല, മോട്ടോർ സൈക്കിളിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നൊക്കെയുള്ള വാർത്തകൾ ഉദ്വേഗജനകമായി അവതരിപ്പിക്കുന്നതിൽ മാധ്യമങ്ങളും സ്വയം നിയന്ത്രണം പാലിക്കണം.

കോവിഡിനെതിരെ വീട്ടിൽ തയ്യാറാക്കാവുന്ന മരുന്ന്, ആശുപത്രികളിൽ കിടക്കകളുടെ ദൗർലഭ്യം, ലോക്ഡൗൺ സംബന്ധിച്ച തെറ്റായ നിർദ്ദേശങ്ങൾ എന്നിങ്ങിനെയുള്ള വ്യാജസന്ദേശങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരവും ശിക്ഷാർഹവുമാണ്. വ്യാജ സന്ദേശങ്ങൾ തയ്യാറാക്കുന്നവരെയും ഷെയർ ചെയ്യുന്നവരെയും കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എൻക്വയറി സെല്ലിനും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സൈബർഡോമിനും ഈ നിർദ്ദേശം നൽകി.

പുന്നപ്രയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ ശ്വാസ തടസ്സമനുഭവപ്പെട്ട കോവിഡ് ബാധിതനെ ആംബുലൻസെത്താനുള്ള സമയം പോലും പാഴാക്കാതെ ആശുപത്രിയിലെത്തിച്ച രണ്ടു ചെറുപ്പക്കാരുടെ സന്നദ്ധതയാണ് മറ്റൊരു തരത്തിൽ ചിത്രീകരിക്കാൻ ശ്രമമുണ്ടായത്. ആ രോഗി സുഖം പ്രാപിച്ചു വരുന്നതായാണ് മനസ്സിലാക്കുന്നത്. ആ യുവതീയുവാക്കളെ അഭിന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement
Advertisement