അടച്ചുപൂട്ടൽ വീണ്ടും; ഒപ്പം ആശങ്കയും

Saturday 08 May 2021 12:16 AM IST

അഞ്ചു- അദ്ധ്യാപിക

കോഴിക്കോട്: അപ്രതീക്ഷിതമല്ലെങ്കിലും ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ലോക്ക് ഡൗൺ കാലത്തേക്ക് കടക്കുമ്പോൾ സാധാരണക്കാരുടെ മനസ്സിൽ വല്ലാത്ത ആശങ്ക നിറയുകയാണ്. ഉപജീവനമാർഗം അടഞ്ഞുപോകുന്നതിന്റെ ആധിയിലാണ് മിക്കവരും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാതെ തുടരവെ അടച്ചുപൂട്ടൽ ഒഴിവാക്കാനാവില്ലെന്നതിൽ ആർക്കും തർക്കമില്ല. പക്ഷേ, ഈ ലോക്ക് ഡൗൺ പിന്നെയും നീളാനിടയായാൽ പണിയില്ലാത്ത അവസ്ഥയിൽ എന്തു ചെയ്യുമെന്ന ആലോചനയിലാണ് നിത്യക്കൂലിക്കാർ.

കഴിഞ്ഞ ദിവസങ്ങളിലെ മിനി ലോക്ക് ഡൗൺ പിന്നിടുന്നതോടെ വീണ്ടും പണിയ്ക്കിറങ്ങാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ബഹുഭൂരിപക്ഷം പേരും. സൗജന്യ റേഷനുണ്ടെന്നിരിക്കെ വിശപ്പടക്കാമെന്ന് ഉറപ്പുണ്ടെങ്കിലും വായ്പാതിരിച്ചടവുകൾ അടക്കമുള്ള ബാദ്ധ്യതകൾ എങ്ങനെ തീർക്കുമെന്നറിയാത്ത അവസ്ഥയാണ്. അതിനിടയ്ക്ക്, കൊവിഡ് വന്നുപെടുമോ

എന്ന തീരാത്ത ഭീതിയും. കൊവിഡ് മരണനിരക്ക് നിത്യേന കൂടി വരുന്നത് ആളുകളിൽ വല്ലാത്ത അങ്കലാപ്പുളവാക്കുന്നുണ്ട്. പ്രശ്നങ്ങൾ പലതുണ്ടെങ്കിലും അടച്ചിടലിനോട് മാനസികമായി പൊരുത്തപ്പെട്ട നിലയിലാണ് ഏവരും.

'' കൊവിഡ് അതിരൂക്ഷമായി തുടരുമ്പോൾ അടച്ചിടൽ നന്നായെന്നേ പറയൂ. കുറച്ച് കഷ്ടപ്പെട്ടാലും ആളുകളുടെ ജീവൻ നഷ്ടപ്പെടില്ലല്ലോ.

ബാലൻ,

ഉന്തുവണ്ടി കച്ചവടക്കാരൻ

''ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ വൈകിപ്പോയി. മിനി ലോക്ക് ഡൗൺ കൊണ്ടൊന്നും ജനം വീട്ടിലിരിക്കില്ല. കർശന നിയന്ത്രണം തന്നെ വേണം. ഇപ്പോഴെങ്കിലും തീരുമാനം കൈക്കൊണ്ടത് നന്നായി.

വൃന്ദ,

വിദ്യാർത്ഥിനി

''കൊവി‌ഡിന്റെ രണ്ടാംതരംഗം കടുപ്പത്തിലാണ്. ലോക്ക് ഡൗൺ നേരത്തെ തന്നെ പ്രഖ്യാപിക്കാവുന്നതായിരുന്നു. എല്ലാവരും സർക്കാരിന്റെ നി‌ർദ്ദേശങ്ങൾ അനുസരിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സയ്ക്ക് നിൽക്കാതെ ടെസ്റ്റ് ചെയ്യണം. മറ്റുള്ളവരിൽ നിന്ന് അകന്നു കഴിയുകയും വേണം.

എ.സി ശെെലജ,

ആശാവർക്കർ

''നിത്യവേതനക്കാരുടെ കാര്യം പരിതാപകരമാകും. മിനി ലോക്ക് ഡൗണിന് ശേഷം ജോലിയ്ക്ക് എത്തിത്തുടങ്ങാമെന്നാണ് കരുതിയിരുന്നത്. ലോക്ക് ഡൗൺ നീണ്ടാൽ അരപ്പട്ടിണിയിൽ നിന്ന് മുഴുപ്പട്ടിണിയിലേക്ക് എന്ന അവസ്ഥയാവും. അപ്പോഴും ലോക്ക് ഡൗണിനെ അനുകൂലിക്കാതെ നിവൃത്തിയില്ല.

കെ.ടി ജിഗേഷ്,

നിർമ്മാണ തൊഴിലാളി

''കുട്ടികളുടെ പഠനം അവതാളത്തിലാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ വന്നതോടെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതും നീട്ടി. എന്തായാലും കൊവിഡിനെ തുരത്താനായി എല്ലാവരും വീട്ടിലിരുന്ന് സഹകരിക്കേണ്ടതുണ്ട്.

അഞ്ചു,

അദ്ധ്യാപിക

''ലോക്ക് ഡൗൺ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാക്കുമെന്നതിൽ സംശയമില്ല. പക്ഷേ, സഹകരിക്കാതെ വേറെ വഴിയില്ല. ഇപ്പോൾ തന്നെ കഷ്ടിച്ചാണ് അടവുകൾ അടയ്ക്കുന്നത്. ഇത് തുടർന്നാൽ വീണ്ടും പ്രശ്നത്തിലാകും''

ഹാജിറ,

വീട്ടമ്മ

''രാവിലെ നേരത്തെ ഓട്ടത്തിനിറങ്ങിയിട്ട് ആകെ കിട്ടിയത് 100 രൂപയാണ്. സമ്പൂർണ ലോക്ക് ഡൗൺ തുടങ്ങുന്നതോടെ അതും ഇല്ലാതാകും. രോഗം പടരുന്നത് തടയാനാണല്ലോ എന്ന് ആലോചിക്കുമ്പോൾ ലോക്ക് ഡൗണിനെ അനുകൂലിക്കാതെയും വയ്യ.

സജീവ് കുമാർ,

ഓട്ടോറിക്ഷാ ഡ്രൈവർ

''കൊവിഡ് കാലത്ത് ഏറ്റവും ദുരിതം നേരിട്ടത് ബസ് മേഖലയ്ക്കാണ്. എന്തെങ്കിലും കിട്ടട്ടെ എന്ന് കരുതിയാണ് പലരും ബസ് ഇറക്കുന്നത്. ഒരാഴ്ച കൊണ്ടൊന്നും രോഗവ്യാപനം തടുക്കാൻ കഴിയുമെന്നു തൊന്നുന്നില്ല. ലോക്ക് ഡൗൺ ഇനിയും നീളുമായിരുക്കും.

ജിഷ്ണു,

സ്വകാര്യ ബസ് ജീവനക്കാരൻ

''ലോക്ക് ഡൗണിലൂടെ ഒരു പരിധി വരെ രോഗത്തെ തടയാനാവും. എന്നിരുന്നാലും വീണ്ടുമെത്തിയ അടച്ചുപൂട്ടൽ ടൂറിസം മേഖലയെ സാമ്പത്തികമായി തകർക്കും. ഇപ്പോൾ തന്നെ വരുമാനമില്ലാത്ത അവസ്ഥയാണ്.

രതീഷ്,

ടൂറിസം മേഖല ജീവനക്കാരൻ

Advertisement
Advertisement