ലോക്ഡൗൺ തുടങ്ങി, കടുപ്പിക്കാൻ പൊലീസ്

Friday 07 May 2021 11:25 PM IST

 ഇളവുകൾ കൂടിയാൽ നിയന്ത്രണങ്ങൾ നടപ്പാകില്ല

 ബാങ്ക് മൂന്ന് ദിവസം,​ വർക്ക്ഷോപ്പ് രണ്ട് ദിവസം

തിരുവനന്തപുരം: ഇന്ന് രാവിലെ ആറുമണിക്ക് നിലവിൽ വന്ന ഒൻപതു ദിവസത്തെ ലോക്ക് ഡൗൺ ക‌ർശനമായി നടപ്പാക്കാൻ പൊലീസ്. ഇളവുകൾ പരമാവധി കുറയ്ക്കണമെന്നും നിയന്ത്രണം വളരെ കർശനമാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇളവുകൾ വർദ്ധിക്കും തോറും നിരത്തിലിറങ്ങുന്നവരുടെ എണ്ണവും കൂടുമെന്നും ഇത് നിയന്ത്രിക്കാൻ കഴിയില്ലെന്നുമാണ് പൊലീസ് നിലപാട്. കഴിഞ്ഞദിവസം ഇറക്കിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ ഇളവുകൾ കൂടതലാണെന്നും അത് കുറയ്ക്കണമെന്നുമാണ് പൊലീസിൻെറ ആവശ്യം. ഇളവുകൾ വർദ്ധിച്ചാൽ നിയന്ത്രണങ്ങൾ ഫലം കാണില്ലെന്നും നിയമം ലംഘിക്കുന്നവർക്ക് പഴുതുകൾ നിരവധിയാകുമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

സെമിലോക്ക് ഡൗൺ കാലത്തും ഇതാണ് സംഭവിച്ചത്. ഈ പശ്ചാത്തലത്തിൽ ബാങ്ക്, വർക്ക് ഷോപ്പുകൾ എന്നിവയുടെ പ്രവർത്തന ദിവസം കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. ബാങ്കുകൾ ആഴ്ചയിൽ മൂന്നു ദിവസവും വർക്ക് ഷോപ്പുകൾ രണ്ടു ദിവസവും മതിയെന്നാണ് നിർദ്ദേശം. നിർമ്മാണം തടസപ്പെടില്ലെന്ന് പറയുമ്പോഴും ജോലി സ്ഥലത്തിന് സമീപം താമസിക്കുന്നവർക്ക് മാത്രമാകും യാത്രയ്ക്ക് അനുമതി. വാഹനങ്ങളും ആളുകളും ഇല്ലാത്ത നിരത്തുകൾ എന്ന ലക്ഷ്യത്തോടെയാവും ഇന്നു മുതൽ ഒൻപത് ദിവസം പൊലീസ് നിലയുറപ്പിക്കുക.