സിനിമയുടെ പേരിൽ 8 കോടി തട്ടി: സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ, കോടതിയിൽ ഒത്തുതീർപ്പ്

Friday 07 May 2021 11:30 PM IST

ആലപ്പുഴ: സിനിമാ നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്‌ത് ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് എട്ടു കോടി രൂപ തട്ടിയെടുത്ത കേസിൽ സംവിധായകൻ ശ്രീകുമാർ മേനോനെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന്, കോടതിയിൽ പരാതിക്കാരനും വാദിയും ഒത്തുതീർപ്പിലെത്തിയതിനാൽ കേസ് അവസാനിച്ചു.

2016 ലാണ് പല തവണയായി പണം വാങ്ങിയത്. നായകനും നായികയും സസ്‌പെൻസാണെന്നും മുടക്കുന്ന തുകയുടെ ഇരട്ടി ലഭിക്കുമെന്നുമായിരുന്നു വാഗ്‌ദാനം. മേനോന്റെ കമ്പനി അക്കൗണ്ട് മുഖേനയാണ് പണം കൈപ്പറ്റിയത്. സിനിമ ചെയ്യാതെ വന്നതോടെ പണം മടക്കി നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറി. ഇതോടെ ശ്രീവത്സം ഗ്രൂപ്പ് സാരഥി രാജേന്ദ്രൻ പിള്ള പൊലീസിൽ പരാതി നൽകി. ശ്രീകുമാർ മേനോൻ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും തള്ളി. ഇയാളുടെ ഉടമസ്ഥതയിൽ പാലക്കാട്ടുള്ള പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഓഫീസിൽ നിന്നാണ് ആലപ്പുഴ ഡിവൈ.എസ്.പി ഡി.കെ. പ്രിഥ്വിരാജ്, സൗത്ത് സി.എെ എസ്. സനൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവൻനായരും ശ്രീകുമാർ മേനോനും തമ്മിൽ തർക്കമുണ്ടാവുകയും കേസ് കോടതി കയറുകയും ചെയ്തു. പിന്നീട് കോടതിയിൽ ഒത്തുതീർന്നു. സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചെന്ന നട‌ി മഞ്ജു വാര്യടെ പരാതിയിൽ 2019 ൽ ശ്രീകുമാർ മേനോനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.