അടച്ചുപൂട്ടി വീട്ടിലിരുന്ന് ജനം

Sunday 09 May 2021 12:18 AM IST
ഇ​താ​ണാ​ ​രേ​ഖ...​ ​ലോ​ക്ഡൗ​ണി​നെ​ ​തു​ട​ർ​ന്ന് ​പൊ​ലീ​സ് ​ന​ട​ത്തു​ന്ന​ ​പ​രി​ശോ​ധ​ന​യി​ൽ​ ​യാ​ത്രാ​രേ​ഖ​ ​കാ​ണി​ക്കു​ന്ന​ ​സ്കൂ​ട്ട​ർ​ ​യാ​ത്ര​ക്കാ​ര​ൻ.​ ​പാ​ല​ക്കാ​ട് ​മോ​യ​ൻ​സ് ​സ്കൂ​ളി​ന് ​മു​ന്നി​ൽ​ ​നി​ന്നു​ള്ള​ ​ദൃ​ശ്യം.

  • വാളയാറിൽ ഉൾപ്പെടെ കർശന പരിശോധന
  • നിയന്ത്രണങ്ങളോട് സഹകരിച്ച് ജനം
  • വാക്സിനേഷന് തടസമില്ല

പാലക്കാട്: കൊവിഡ് വ്യാപനം അതിതീവ്രമായതിനെ തുടർന്നുള്ള ലോക്ക് ഡൗണിലെ ആദ്യദിന നിയന്ത്രണങ്ങളോട് പൂർണമായും സഹകരിച്ച് ജനം വീട്ടിലിരുന്നു. നഗര കേന്ദ്രങ്ങളുൾപ്പെടെ വിജനമായി. പൊതുഗതാഗതം പൂർണമായും നിലച്ചു. ആശുപത്രികളിലേക്കും വാക്സിൻ കേന്ദ്രങ്ങളിലേക്കും മറ്റും ചുരുക്കം സ്വകാര്യ വാഹനങ്ങളും ഓട്ടോകളും മാത്രമാണ് നിരത്തിലിറങ്ങിയത്. അവശ്യ സർവീസുകൾക്ക് പുറമേയുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ തുറന്നില്ല. മരുന്നുഷോപ്പ്, പഴം-പച്ചക്കറിൃമത്സ്യ-മാംസ വിപണന കേന്ദ്രങ്ങൾ മാത്രമാണ് തുറന്നത്. ഹോട്ടലുകളിൽ പാഴ്സ്ൽ സൗകര്യം മാത്രമാണ് അനുവദിച്ചത്.

വാളയാറിൽ ഉൾപ്പെടെ ജില്ലാ അതിർത്തികളിൽ പരിശോധന കർശനമാക്കി. രാവിലെ ആദ്യമണിക്കൂറുകളിൽ ചരക്ക് വാഹനങ്ങൾ മാത്രമാണ് കടന്നുപോയത്. ഊടുവഴികളിൽ പട്രോളിംഗ് ശക്തമാണ്. രാവിലെതന്നെ നഗര കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പ്രധാന റോഡുകളെല്ലാം ബാരിക്കേഡ് വച്ച് അടച്ചിരുന്നു. അവശ്യ സർവീസുകളെ മാത്രം കടത്തിവിട്ടു.

ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ രാവിലെ അല്പം തിരക്കുണ്ടായിരുന്നു. ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപന അധികൃതരും കൊവിഡ് പ്രോട്ടോക്കോൾ പരിശോധന നടത്തി.

ലോക്കൽ പൊലീസിന് പുറമേ എ.ആർ ക്യാമ്പ്, കെ.എ.പി രണ്ടാം ബറ്റാലിയൻ, മറ്റ് വിഭാഗം പൊലീസുകാരെയും ലോക്ക് ഡൗൺ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

  • 27 കേസ്, 37 വാഹനം പിടിച്ചെടുത്തു

ഇന്നലെ രാവിലെ മുതൽ പൊലീസ് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ശക്തമായ പരിശോധനയ്ക്ക് തുടക്കമിട്ടു. നിയമം ലംഘിച്ചെത്തിയവർക്കെതിരെ കേസെടുക്കുകയും വാഹനം പിടികൂടുകയും ചെയ്തു. ഇന്നലെ ഉച്ചവരെ നടത്തിയ പരിശോധനയിൽ 27 കേസ് രജിസ്റ്റര്‍ ചെയ്ത് 37 വാഹനം പിടിച്ചെടുത്തു. ജില്ലയിൽ 128 സ്ഥലങ്ങളിലാണ് വാഹന പരിശോധന നടന്നത്. 765 പൊലീസുകാരെ ഇതിന് നിയോഗിച്ചു. 6730 വാഹനം പരിശോധിച്ചു.

  • ഓൺലൈൻ പാസ്

അടിയന്തര ആവശ്യങ്ങൾക്ക് പുറത്തേക്ക് പോകേണ്ടവർക്കുള്ള പൊലീസിന്റെ ഓൺലൈൻ പാസ് സംവിധാനം ഇന്നലെ വൈകിട്ട് നിലവിൽ വന്നു. അടിയന്തര ചികിത്സ, വിവാഹം, മരണം, അവശ്യ സർവീസ്, കൊവിഡ് പ്രതിരോധ പ്രവർത്തകർ തുടങ്ങി ചുരുക്കം പേർക്കേ പ്രവർത്തനാനുമതിയുള്ളൂ.