കൊവിഡ് രോഗികളുടെ വീട്ടിൽ ഇടിമിന്നലേറ്റ് കറണ്ടുപോയി,​ വീട്ടിലെത്തി വൈദ്യുതി പുനഃസ്ഥാപിച്ച് യുവാവ്

Saturday 08 May 2021 7:45 PM IST

തിരുവനന്തപുരം : ആലപ്പുഴ പുന്നപ്രയിൽ കൊവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച യുവതീയുവാക്കൾ ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ യുവത്വത്തിന്റെ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി പിണറായി വിജൻ ഉൾപ്പെടെയുള്ളവർ പ്രശംസിച്ചിരുന്നു. ഇപ്പോൾ കൊവിഡ് രോഗികൾ ക്വാറന്റൈനിൽ കഴിയുന്ന വീട്ടിൽ കൊവിഡ് ഭീതിയില്ലാതെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ മുൻകൈയെടുത്ത ഡി.വൈ,​എഫ്.ഐ പ്രവർത്തകൻ ഹരിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇതിനെക്കുറിച്ച് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഫേസ്ബുക്ക് കുറിപ്പിൽ വിവരിച്ചു.

കൊവിഡ് പോസിറ്റീവ് ആയി ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ വീട്ടിലാണ് കനത്ത ഇടിമിന്നലിൽ വൈദ്യുതി വിതരണം തടസപ്പെട്ടത്. തുടർന്ന് വീട്ടുകാർ ഡി.വൈ.എഫ്.ഐ ഹെൽപ്പ് ലൈൻ നമ്പരിൽ സഹായം തേടി. ഡി.വൈ..എഫ്.ഐ നെട്ടയം മേഖലാ കമ്മിറ്റി അംഗവും കാച്ചാണി യൂണിറ്റ് സെക്രട്ടറിയുമായ ഹരി പി.പി.ഇ കിറ്റണിഞ്ഞ് ഇവരുടെ വീട്ടിലെത്തി അറ്റകുറ്റപണികൾ നടത്തി വൈദ്യുതി തടസ്സം നീക്കുകയായിരുന്നു.

ആനാവൂർ നാഗപ്പന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിഞ്ഞ ഒരു വാർത്തയാണിത്. DYFI നെട്ടയം മേഖലാ കമ്മിറ്റിയുടെ പ്രദേശത്ത് ആശ്രമം റോഡിൽ കോവിഡ് പോസിറ്റീവ് ആയി ഹോം കോറന്റൈനിൽ കഴിയുന്നവരുടെ വീട്ടിൽ ഇന്നലെ ഉണ്ടായ കനത്ത ഇടി-മിന്നലിൽ വൈദ്യുതി തടസ്സപ്പെട്ടു. വീട്ടുകാർ DYFl ഹെൽപ്പ് ലൈൻ നമ്പറിൽ സഹായം തേടി. ഉടനടി ഇടപെടലുണ്ടായി. DYFI നെട്ടയം മേഖല കമ്മിറ്റി അംഗവും കാച്ചാണി യൂണിറ്റ് സെക്രട്ടറിയുമായ സ: ഹരി അറ്റകുറ്റപണികൾ നടത്തി വൈദ്യുതി തടസ്സം നീക്കി.

മാതൃകാപരമായ ഒട്ടേറെ പ്രവർത്തനങ്ങളാണ് DYFI കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തി വരുന്നത്. നാടിന്റെ യൗവ്വനത്തെ മാനവികതയുടെ ശരിയായ ദിശയിലേയ്ക്ക് നയിക്കാൻ യുവജന പ്രസ്ഥാനത്തിന് കഴിയുന്നുണ്ട് എന്നതിന്റെ ഉദാഹരണങ്ങൾ ഏറെയുണ്ട് നമുക്ക് മുന്നിൽ. DYFI യ്ക്കും പ്രിയസഖാവ് ഹരിക്കും അഭിവാദനങ്ങൾ. ഈ കാലത്തെയും നമ്മളൊരുമിച്ച് അതിജീവിക്കും, നന്മ വറ്റാത്ത യുവതയുടെ കരുത്ത് ആ അതിജീവന പോരാട്ടത്തെ നയിക്കും.

Advertisement
Advertisement