കൊവിഡ്: കെ.ടി.ഡി.സി ഹോട്ടലുകൾ സ്വകാര്യ ആശുപത്രികൾക്ക്

Sunday 09 May 2021 12:00 AM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് കെ.ടി.ഡി.സി ഹോട്ടലുകൾ ഏറ്റെടുക്കാമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ ഇതിനുള്ള നടപടി തുടങ്ങി. സ്വകാര്യ ആശുപത്രികൾക്ക് ചികിത്സാ സൗകര്യം വർദ്ധിപ്പിക്കുന്നതിനായാണ് ഹോട്ടലുകൾ നൽകുന്നത്. ആശുപത്രികൾ ആവശ്യപ്പെടുന്ന മുറയ്‌ക്ക് ഹോട്ടലുകൾ കൈമാറാനാണ് കെ.ടി.ഡി.സിയുടെ തീരുമാനം.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം ചൈത്രം, കൊച്ചിയിലെ ബോൾഗാട്ടി എന്നീ ഹോട്ടലുകൾക്കായി താത്പര്യപത്രവും ക്ഷണിച്ചു. ചൈത്രത്തിൽ 20 മുറികളുള്ള ഒരു ഫ്ളോറിന് പ്രതിദിനം 60,000 രൂപയും ബോൾഗാട്ടിയിൽ 20 മുറികളും നാല് സ്യൂട്ടുമടങ്ങുന്ന ഫ്ലോറിന് പ്രതിദിനം 75,000 രൂപയും നൽകണം. ചൈത്രത്തിന് ഒരുലക്ഷവും ബോൾഗാട്ടിക്ക് 1.5 ലക്ഷവും സെക്യൂരിറ്റി ഫീസായി കെട്ടിവയ്‌ക്കണം. ഹോട്ടലിൽ മെഡിക്കൽ സംവിധാനം ബന്ധപ്പെട്ട ആശുപത്രികൾ ഉറപ്പാക്കണം. ഗുരുതരാവസ്ഥയിൽ അല്ലാത്ത രോഗികളെയാണ് ഹോട്ടലുകളിൽ പാർപ്പിക്കുന്നത്.

പണംമുടക്കി ചികിത്സതേടുന്നവർക്ക് ആശുപത്രിക്ക് പുറത്തും സമാനമായ സൗകര്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ പണം നൽകി ഹോട്ടലുകൾ ഏറ്റെടുക്കാൻ എത്ര സ്വകാര്യ ആശുപത്രികൾ തയ്യാറാകുമെന്നതിൽ ഉറപ്പില്ല.

'രോഗികൾ നിറയുന്ന സ്വകാര്യ ആശുപത്രികൾക്ക് സൗകര്യങ്ങൾ വിപുലീകരിക്കാൻ ഹോട്ടലുകൾ വിട്ടുനൽകാനാണ് തീരുമാനം. അതിനാവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്".

- കൃഷ്ണ തേജ, എം.ഡി, കെ.ടി.ഡി.സി

Advertisement
Advertisement