ആദ്യദിനം റോഡുകൾ വിജനം : പരിശോധന കർശനമാക്കി പൊലീസ്

Sunday 09 May 2021 12:30 AM IST
പത്തനംതി​ട്ടയി​ൽ പൊലീസ് വാഹന പരി​ശോധന നടത്തുന്നു

പത്തനംതിട്ട : ലോക്ക് ഡൗണിന്റെ ആദ്യ ദിവസമായ ഇന്നലെ ജില്ലയിലെങ്ങും പൊലിസ് കർശന പരിശോധന നടത്തി. റോഡുകൾ ഏറെക്കുറെ വിജനമായിരുന്നു. നഗരപ്രദേശത്തും തിരക്കില്ലായിരുന്നു. പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധനക്ക് ശേഷമാണ് യാത്രക്കാരെ കടത്തി വിട്ടത്. ജില്ലയിൽ 40 കേന്ദ്രങ്ങളിൽ ബാരിക്കേഡ് സ്ഥാപിച്ച് പരിശോധന കടുപ്പിച്ചിട്ടുണ്ട്. സത്യവാങ്മൂലം കയ്യിൽ ഇല്ലാതെ വരുന്ന യാത്രക്കാരെ ലോക്ക് ഡൗണിന്റെ ആവശ്യം പറഞ്ഞ് മനസിലാക്കി റോഡിൽ വച്ച് തന്നെ സത്യവാങ്മൂലം എഴുതി വാങ്ങിക്കുന്നുണ്ട്. അത്യാവശ്യ ആവശ്യവുമായി എത്തുന്നവരെ മാത്രമാണ് ടൗണിനുളളിലേക്ക് കടത്തിവിടുന്നത്. അല്ലാത്തവരെ മടക്കി അയച്ചു. ചില മെഡിക്കൽ സ്റ്റോറുകളും കടകളും മാത്രമാണ് ജില്ലയിൽ ഇന്നലെ തുറന്ന് പ്രവർത്തിച്ചത്. ഹോട്ടലുകളിൽ പാഴ്‌സൽ മാത്രമേ നൽകിയിരുന്നുള്ളു. ജോലിയ്ക്കായി കടന്നു പോകുന്നവർ ഐ.ഡി കാർഡ് കാണിച്ചാണ് യാത്ര ചെയ്യുന്നത്. ബൈ റോഡുകളിലും ഇടറോഡുകളിലുമെല്ലാം വ്യത്യാസമില്ലാതെ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. അത്യാവശ്യ സാധനങ്ങൾക്കായെത്തിയവർ വേഗം മടങ്ങണമെന്ന് നിർദേശിച്ചാണ് പറഞ്ഞു വിടുന്നത്. ഇതൊന്നുമല്ലാതെ വെറുതെ ഇറങ്ങിയവർക്ക് പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്.. ജില്ലാ ആസ്ഥാനത്തും കർശന പരിശോധനയാണ് നടക്കുന്നത്. കടകളിലും ഇടക്കിടെ പൊലീസ് എത്തി പരിശോധന നടത്തുന്നുണ്ട്. പൊതു ഗതാഗതം പൂർണമായും നിലച്ചിരുന്നു. സ്വകാര്യ വാഹനങ്ങളായിരുന്നു ആശ്രയം.

എത്ര പറഞ്ഞാലും വീട്ടിലിരിക്കില്ല

അടൂർ : ലോക്ക് ഡൗൺ ശക്തമാക്കിയിട്ടും സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രവുമായി ആവശ്യത്തിനും അനാവശ്യത്തിനും ഇറങ്ങുന്നവർ ഏറെ. കെ.എസ്.ആർ.ടി.സി കോർണർ, നെല്ലിമൂട്ടിൽപടി, ഹൈസ്കൂൾ ജംഗ്ഷൻ,തെങ്ങമം, ജില്ലാ അതിർത്തികളായ ഏനാത്ത്, പുതുവൽ, ഭവദാസൻമുക്ക് എന്നിവിടങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇന്നു മുതൽ പൊലീസ് നൽകുന്ന പാസിന്റെ അടിസ്ഥാനത്തിൽ മാത്രമേ വാഹനങ്ങളുമായി പുറത്തിറങ്ങാനാകൂ. ഇതോടെ നിസാര കാരണങ്ങളുമായി പുറത്തിറങ്ങുന്ന യാത്രക്കാരുടെ എണ്ണം കുറയുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. സംശയം തോന്നിയ വാഹനയാത്രക്കാർക്ക് ശക്തമായ മുന്നറിയിപ്പും നൽകിയാണ് ഇന്നലെ മടക്കിയത്. ആശുപത്രി, അവശ്യസാധനങ്ങൾ,മെഡിക്കൽസ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങൽ തുടങ്ങിയ കാരണം പറഞ്ഞാണ് സ്വന്തമായി തയ്യാറാക്കിയ സാക്ഷ്യപത്രവുമായി ഏറെപ്പേരും പുറത്തിറങ്ങിയത്. വാഹനങ്ങൾ തടഞ്ഞുനിറുത്തി പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്.

നഗരം വിജനം

അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ മാത്രമാണ് ഇന്നലെ തുറന്നത്.ആശുപത്രികളിലും പൊതുവേ തിരക്ക് കുറവായിരുന്നു. വ്യാപാര സ്ഥാപനങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാർ പരിശോധന നടത്തി. മതിയായ സത്യവാംങ്മൂലമില്ലാതെ വാഹനവുമായി പുറത്തിറങ്ങിയതിന്റെ പേരിൽ രണ്ട് ടൂവീലർ യാത്രക്കാർക്കെതിരെയും അനാവശ്യമായി പുറത്തിറങ്ങുകയും മാസ്ക്ക് ധരിക്കാത്തതിന്റെയും പേരിൽ ഒൻപത് പേർക്കെതിരെയും പൊലീസ് കേസെടുത്തു. വിവാഹ ആവശ്യത്തിനായി ക്യൂ ആർ കോഡ് ഒട്ടിച്ച വാഹനങ്ങളും പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കി.

ആംബുലൻസ് വിളിക്കാം ....62387 80060

ഇന്നുമുതൽ ആംബുലൻസ് സേവനം അടൂർ നഗരസഭ ഏർപ്പാടാക്കി. അടിയന്തിരമായി ആശുപത്രികളിൽ രോഗികളെ എത്തിക്കണമെങ്കിൽ 62387 80060 എന്ന ഹെൽപ്പ്ഡസ്ക്ക് നമ്പരിൽ ബന്ധപ്പെട്ടാൽ ആംബുലൻസ് വീട്ടുമുറ്റത്ത് എത്തും.

Advertisement
Advertisement