രാജ്യം പകച്ചുനിൽക്കുമ്പോൾ ഇന്ധനവില കൂട്ടുന്നത് തീവെട്ടിക്കൊള്ള: എൽ.ഡി.എഫ്

Sunday 09 May 2021 12:00 AM IST

തിരുവനന്തപുരം: കൊവിഡ് അതിവ്യാപനത്തിൽ രാജ്യം പകച്ചുനിൽക്കുമ്പോൾ ഇന്ധന വില അടിക്കടി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടത്തുന്നത് തീവെട്ടിക്കൊള്ളയാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. സംസ്ഥാനങ്ങൾ ലോക്ക്ഡൗണിലേക്ക് പോകുകയാണ്. പലർക്കും തൊഴിൽ പോലുമില്ല. ജനങ്ങൾ ഇത്രയേറെ ദുരിതമനുഭവിക്കുമ്പോൾ യാതൊരു ദയയുമില്ലാതെ ഇന്ധന വില വർദ്ധിപ്പിക്കാൻ നരേന്ദ്ര മോദിക്കല്ലാതെ മറ്റാർക്കുമാകില്ല. ഇത്തരം ഭരണാധികാരികളോട് ജനം കണക്കുപറയുന്ന കാലം വിദൂരമല്ല.
തുടർച്ചയായി നാല് തവണ പെട്രോളിന് 97 പൈസയും ഡീസലിന് 1. 15 രൂപയുമാണ് കൂട്ടിയത്. എണ്ണക്കമ്പനികൾ പ്രധാനമന്ത്രിയുടെ കൂടി നിർദ്ദേശപ്രകാരമാണ് വില കൂട്ടുന്നത്. അതിനാലാണ് ഈ കൊള്ളയ്ക്കെതിരെ മോദിയോ മറ്റ് മന്ത്രിമാരോ ബി.ജെ.പിയോ ഒരക്ഷരം ഉരിയാടാത്തത്.
കൊവിഡ് സമയത്ത് കൂടുതൽ ഭാരം ജനങ്ങളിൽ അടിച്ചേൽപിച്ച് ക്രൂരമായി വേട്ടയാടുന്ന കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.