അഭിനന്ദനങ്ങളിൽ മുങ്ങി 'ബൈക്ക് ഹീറോസ്"
അമ്പലപ്പുഴ: അത്യാസന്ന നിലയിലായ കൊവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച സന്നദ്ധ പ്രവർത്തകരായ അശ്വിനെയും രേഖയെയും തേടി അഭിനന്ദന പ്രവാഹം. കൊവിഡ് രണ്ടാം വരവിലെ 'റിയൽ സൂപ്പർ ഹീറോസായി" മാറിയിരിക്കുകയാണ് ഇരുവരും. സംഭവദിവസം വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയും അഭിനന്ദിച്ചത് അശ്വിനും രേഖയ്‌ക്കും ഇരട്ടി മധുരമായി. വ്യവസായി ബോബി ചെമ്മണ്ണൂർ, യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം, മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം, പ്രസിഡന്റ് എസ്. സതീഷ്, എ.എം. ആരിഫ് എം.പി, നിയുക്ത എം.എൽ.എ എം.എസ്. അരുൺകുമാർ തുടങ്ങിയവരും അഭിനന്ദനമറിയിച്ചു. പുന്നപ്ര സഹകരണ എൻജിനിയറിംഗ് കോളേജ് ഹോസ്റ്റലിലെ ഡൊമിസിലറി കൊവിഡ് സെന്ററിൽ വോളന്റിയർമാരായ ഇരുവരും ശ്വാസംമുട്ടി പിടഞ്ഞ സുധി എന്ന യുവാവിനെ പി.പി.ഇ കിറ്റ് ധരിച്ച് ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ചത് ആദ്യം വിവാദമായെങ്കിലും പിന്നീട് വലിയൊരു സാഹസിക ജീവകാരുണ്യ പ്രവർത്തനമായി പരിണമിക്കുകയായിരുന്നു.