അടിയന്തര യാത്രയ്ക്ക് പൊലീസ് പാസ് നിർബന്ധം, പാസില്ലെങ്കിൽ കേസ്

Sunday 09 May 2021 12:14 AM IST

തിരുവനന്തപുരം: അടിയന്തര യാത്രയ്ക്ക് ഇന്നു മുതൽ പൊലീസ് പാസ് നിർബന്ധം. പാസ് കൈവശമില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും. നിശ്ചിത സ്ഥലത്തേക്ക് നിശ്ചിത സമയത്ത് പോയി വരാനുള്ള പാസാണ് നൽകുക. ആ സ്ഥലത്തേക്കേ യാത്ര പാടുള്ളൂ. പാസ് ലഭിക്കുന്ന വ്യക്തിക്കു മാത്രമാണ് യാത്ര. മറ്റൊരാളെ കൂട്ടാനാവില്ല.

അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, രോഗിയെ ചികിത്സയ്ക്കായി കൊണ്ടുപോകൽ മുതലായവയ്ക്കു മാത്രമേ ജില്ലവിട്ട് യാത്ര അനുവദിക്കൂ.

പാസ് ലഭിക്കാൻ

  • പൊലീസിന്റെ pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റ് ഉപയോഗിക്കുക
  • 'പാസ് ' എന്നതിനു താഴെ പേര്, വിലാസം, വാഹനത്തിന്റെ നമ്പർ, പോകേണ്ട സ്ഥലം, തീയതി, സമയം, മൊബൈൽ നമ്പർ നൽകണം
  • അവശ്യ വിഭാഗത്തിലെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്കും വീട്ടുജോലിക്കാർ, തൊഴിലാളികൾ എന്നിവർക്കും അപേക്ഷിക്കാം.. ഇവർക്കുവേണ്ടി തൊഴിൽദായകർക്കും അപേക്ഷിക്കാം.
  • വീട്ട് ജോലിക്ക് പോകുന്നവർ പോകുന്ന വീട് കാണിച്ച് അപേക്ഷിക്കണം. വീട്ടുടമയ്ക്കും പാസെടുത്ത് നൽകാം.
  • വെബ്‌സൈറ്റിൽ നിന്നു പാസ് ഡൗൺലോഡ് ചെയ്യാം.
  • പാസിനോടൊപ്പം തിരിച്ചറിയൽ കാർഡും കരുതണം.

വാക്സിനേഷൻ

വാക്സിനേഷനു പോകുന്നവർക്കും അത്യാവശ്യസാധനങ്ങൾ വാങ്ങാൻ തൊട്ടടുത്തുളള കടകളിൽ പോകുന്നവർക്കും സത്യവാങ്മൂലം മതി. അതിന്റെ മാതൃക വെബ്‌സൈറ്റിൽ ലഭിക്കും. ഈ മാതൃകയിൽ വെളളപേപ്പറിൽ സത്യവാങ്മൂലം തയ്യാറാക്കിയാലും മതി.

നിർമ്മാണമേഖല

കൂടുതൽ തൊഴിലാളികൾ ആവശ്യമായ നിർമ്മാണമേഖലകളിൽ പണി നിറുത്തി വച്ചു.

വീട് പണിയടക്കം വളരെ കുറച്ച് ജോലിക്കാർ മാത്രമുള്ള നിർമ്മാണങ്ങൾ പാസ് എടുത്ത് തുടരാം.