സി.എസ്.ബി ബാങ്കിന് ₹218 കോടി ലാഭം

Sunday 09 May 2021 3:09 AM IST

കൊച്ചി: തൃശൂർ ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്ക് (പഴയ കാത്തലിക് സിറിയൻ ബാങ്ക്) മാർച്ച് 31ന് സമാപിച്ച 2020-21 സാമ്പത്തിക വർഷത്തിൽ 218.40 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. ബാങ്കിന്റെ എക്കാലത്തെയും ഉയർന്ന ലാഭമാണിത്. 2019-20ലെ 12.72 കോടി രൂപയേക്കാൾ 1,617 ശതമാനമാണ് വർദ്ധന. അവസാനപാദമായ ജനുവരി-മാർച്ചിൽ 42.89 കോടി രൂപയുടെ ലാഭവും ബാങ്ക് നേടി. മുൻവർഷത്തെ സമാനപാദത്തിൽ കുറിച്ചത് 59.70 കോടി രൂപയുടെ നഷ്‌ടമായിരുന്നു.

കഴിഞ്ഞപാദ വരുമാനം 475.89 കോടി രൂപയിൽ നിന്നുയർന്ന് 609.45 കോടി രൂപയായി. പലിശവരുമാനം 28 ശതമാനം വർദ്ധിച്ച് 497 കോടി രൂപയിലെത്തി. സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം 1,731.50 കോടി രൂപയിൽ നിന്ന് 2,273.11 കോടി രൂപയായി മെച്ചപ്പെട്ടു. 1,510 കോടി രൂപയിൽ നിന്ന് 1,872 കോടി രൂപയായി പലിശ വരുമാനവും ഉയർന്നു. മൊത്തം വായ്‌പകളിൽ 27 ശതമാനം വർദ്ധനയുണ്ടെന്ന് ബാങ്ക് വ്യക്തമാക്കി.

സ്വർണപ്പണയ വായ്‌പകളിൽ മികച്ച ശ്രദ്ധപുലർ‌ത്തുന്ന ബാങ്ക്, ഈയിനത്തിൽ നേടിയ വളർച്ച 61 ശതമാനമാണ്. നിക്ഷേപങ്ങൾ 15,791 കോടി രൂപയിൽ നിന്ന് 19,140 കോടി രൂപയായി വളർന്നു. 11,366 കോടി രൂപയിൽ നിന്ന് 14,438 കോടി രൂപയിലേക്കാണ് വായ്‌പാവളർച്ച. 100-ാം വാർഷികം ആഘോഷിക്കുന്ന ബാങ്കിന്റെ മൊത്തം ബിസിനസ് കഴിഞ്ഞവർഷം 24 ശതമാനം മുന്നേറി 6,421 കോടി രൂപയായെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സി.വി.ആർ. രാജേന്ദ്രൻ പറഞ്ഞു.

ബാങ്കിന്റെ ലിക്വിഡിറ്റി പൊസിഷൻ (സാമ്പത്തികഭദ്രത) 210.39 ശതമാനം ലിക്വിഡിറ്റി കവറേജ് റേഷ്യോയുമായി റിസർവ് ബാങ്ക് നിഷ്‌കർഷിക്കുന്നതിനേക്കാൾ ഏറെ മെച്ചപ്പെട്ടതാണ്. നിക്ഷേപങ്ങളിൽ ബാങ്കിംഗ് മേഖല 12 ശതമാനവും വായ്‌പകളിൽ ആറു ശതമാനവും വളർന്നപ്പോൾ സി.എസ്.ബി ബാങ്ക് നേടിയത് യഥാക്രമം 21 ശതമാനം, 27 ശതമാനം വളർച്ചയാണെന്നും അദ്ദേഹം പറഞ്ഞു.

101-ാം വർ‌ഷം, 200 ശാഖകൾ

പ്രതിസന്ധികളുടെ കാലത്തിന് വിടപറഞ്ഞ്, ലാഭട്രാക്കിലേറിയ സി.എസ്.ബി ബാങ്ക് പ്രവർത്തന ചരിത്രത്തിൽ ഒരു നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. 100-ാം വർഷികമാഘോഷിച്ച കഴിഞ്ഞവർഷം 100 പുതിയ ശാഖകൾ ബാങ്ക് തുറന്നു. ഈവർഷം 200 പുതിയ ശാഖകൾ തുറക്കും. ആന്ധ്രാപ്രദേശ്, തെലങ്കാന, മദ്ധ്യപ്രദേശ്, ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് കൂടുതൽ ശാഖകൾ തുറക്കുക. കഴിഞ്ഞവർഷത്തെ 100 പുതിയ ശാഖകളിൽ ഒമ്പതെണ്ണം മാത്രമായിരുന്നു കേരളത്തിൽ.

പൊന്നിനാണ് തിളക്കം

സ്വർണപ്പണയ വായ്‌പകളിലാണ് ബാങ്ക് ഇപ്പോൾ പ്രധാനമായും ശ്രദ്ധിക്കുന്നത്. ടൂവീലർ വായ്‌പ, കാർഷിക വായ്‌പ, എം.എസ്.എം.ഇ., എസ്.എം.ഇ വായ്‌പകൾക്കും മികച്ച പരിഗണന നൽകുന്നുണ്ട്.

കിട്ടാക്കടം താഴേക്ക്

ബാങ്കിന് ആശ്വാസം പകർന്ന് കഴിഞ്ഞവർഷം കിട്ടാക്കടവും കുറഞ്ഞു. 2019-20ലെ 3.54 ശതമാനത്തിൽ നിന്ന് മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) 2.68 ശതമാനത്തിലേക്കും 1.91 ശതമാനത്തിൽ നിന്ന് അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ) 1.17 ശതമാനത്തിലേക്കുമാണ് കുറഞ്ഞത്. 409.43 കോടി രൂപയിൽ നിന്ന് 393.49 കോടി രൂപയായാണ് മൊത്തം കിട്ടാക്കടം താഴ്‌ന്നത്. അറ്റ കിട്ടാക്കടം 84.32 കോടി രൂപയായിരുന്നത് 70.95 രൂപയായി കുറഞ്ഞു.