ഇൻഷ്വറൻസിന് വൻ പ്രിയം

Sunday 09 May 2021 3:09 AM IST

ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് ഇൻഷ്വറൻസ് സ്‌കീമുകൾക്ക് പ്രിയമേറുന്നു. ഏപ്രിലിൽ പുതു ബിസിനസ് (ആദ്യ വർഷ) പ്രീമീയം ഇനത്തിൽ രാജ്യത്തെ ഇൻഷ്വറൻസ് കമ്പനികൾ ചേർന്ന് സമാഹരിച്ചത് 9,738.79 കോടി രൂപയാണ്. 45 ശതമാനമാണ് വർദ്ധനയെന്ന് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (ഐ.ആർ.ഡി.എ.ഐ) റിപ്പോർട്ട് വ്യക്തമാക്കി. 2020 ഏപ്രിലിൽ ഇന്ത്യയിലെ 24 ലൈഫ് ഇൻഷ്വറൻസ് കമ്പനികളും ചേർന്ന് നേടിയത് 6,727.74 കോടി രൂപയായിരുന്നു.

ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ എൽ.ഐ.സിയുടെ ആദ്യ വർഷ പ്രീമിയം വരുമാനം 35.6 ശതമാനം വർദ്ധിച്ച് 4,856.76 കോടി രൂപയായി. 2020 ഏപ്രിലിൽ വരുമാനം 3,581.65 കോടി രൂപയായിരുന്നു. സ്വകാര്യ കമ്പനികളുടെ വരുമാനത്തിൽ വർദ്ധന 55 ശതമാനമാണ്. 3,146.90 കോടി രൂപയിൽ നിന്ന് 4,882.04 കോടി രൂപയായാണ് വർദ്ധന. ആദ്യ വർഷ പ്രീമിയത്തിൽ 49.87 ശതമാനം വിപണി വിഹിതവും എൽ.ഐ.സിയുടെ സ്വന്തമാണ്. ബാക്കിയുള്ള 50.13 ശതമാനം 23 കമ്പനികളുടെയും സംയുക്ത വിഹിതമാണ്.

ഇൻഷ്വറൻസ് പോളിസികളുടെ എണ്ണം കഴിഞ്ഞമാസം 140 ശതമാനം ഉയർന്ന് 9.96 ലക്ഷത്തിലെത്തി. എൽ.ഐ.സിയുടെ പോളിസികളുടെ എണ്ണം മാത്രം 275 ശതമാനം കുതിച്ച് 6.92 ലക്ഷമായി. 32 ശതമാനം വളർച്ചയോടെ 3.04 ലക്ഷം പോളിസികളാണ് സ്വകാര്യ കമ്പനികൾ ചേർത്തത്.

Advertisement
Advertisement