ടി.പി.ആർ ഉയർന്നു , നാല് തദ്ദേശ ഭരണ പ്രദേശങ്ങൾ കൂടി കടുത്ത നിയന്ത്രണത്തിൽ

Sunday 09 May 2021 12:02 AM IST

കോഴിക്കോട് : കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) ഉയർന്നതോടെ നാല് തദ്ദേശ ഭരണ പ്രദേശങ്ങൾ കൂടി കടുത്ത നിയന്ത്രണത്തിൽ. കട്ടിപ്പാറ, നരിപ്പറ്റ ഗ്രാമപഞ്ചായത്തുകളിലും കൊടുവള്ളി, പയ്യോളി മുനിസിപ്പാലിറ്റികളിലുമാണ് നിയന്ത്രണം കർശനമാക്കിയിരിക്കുന്നതെന്ന് ജില്ലാ കളക്ടർ എസ്.സാംബശിവറാവു അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനം കടന്ന സാഹചര്യത്തിലാണ് നടപടി.

കുരുവട്ടൂർ, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ടുകാവ് , പെരുമണ്ണ, വേളം , ചേളന്നൂർ, അരിക്കുളം, തലക്കുളത്തൂർ , ഏറാമല, ചക്കിട്ടപ്പാറ, തിക്കോടി , മടവൂർ , ഫറോക്ക് മുനിസിപ്പാലിറ്റി ,പെരുവയൽ, മുക്കം മുനിസിപ്പാലിറ്റി, പേരാമ്പ്ര, രാമനാട്ടുകര മുനിസിപ്പാലിറ്റി, കടലുണ്ടി, ചങ്ങരോത്ത് , ചെക്യാട് , നരിക്കുനി, കക്കോടി ,പനങ്ങാട്, തുറയൂർ, വളയം, കൂത്താളി, ഒളവണ്ണ, കോട്ടൂർ , ഉണ്ണികുളം, വില്യാപ്പള്ളി ,കൊയിലാണ്ടി മുനിസിപ്പാലിറ്റി, പുറമേരി , മൂടാടി, കാക്കൂർ, അത്തോളി, ഉള്ളിയേരി, കൊടിയത്തൂർ, നാദാപുരം , തിരുവല്ലൂർ ,അഴിയൂർ, തൂണേരി, കിഴക്കോത്ത്, കുറ്റ്യാടി ,മാവൂർ, ബാലുശ്ശേരി, ചാത്തമംഗലം, എടച്ചേരി, കാരശ്ശേരി, കായക്കൊടി, കൂരാച്ചുണ്ട്, മരുതോങ്കര, നന്മണ്ട, ഒഞ്ചിയം, പുതുപ്പാടി, തിരുവമ്പാടി, ഓമശ്ശേരി എന്നിവയെ നേരത്തെ ഉയർന്ന ടി.പി.ആറുളള തദ്ദേശ ഭരണ പ്രദേശങ്ങളായി പ്രഖ്യാപിച്ചിരുന്നു.

നിയന്ത്രണം കടുപ്പിച്ച പഞ്ചായത്ത്- മുനിസിപ്പാലിറ്റികളിൽ ആരാധനാലയങ്ങളിലും മറ്റ് ചടങ്ങുകളിലും അഞ്ചിൽ കൂടുതൽ ആളുകൾ പാടില്ല. വിവാഹം, മത-സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക കൂടിച്ചേരലുകളിലും അംഗസംഖ്യ അഞ്ചായി പരിമിതപ്പെടുത്തി. ചടങ്ങുകൾ നടത്തണമെങ്കിൽ കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ബന്ധപ്പെട്ട സെക്ടറൽ മജിസ്‌ട്രേറ്റുമാർക്കും ആർ. ആർ. ടിമാർക്കും വിവരം കൈമാറണം.

പെട്രോൾ പമ്പുകൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവ ഒഴികെയുളള സ്ഥാപനങ്ങളുടെ പ്രവർത്തനം രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ മാത്രം. ജോലിക്ക് പോകുന്നവരും മറ്റ് ദൈനംദിന കാര്യങ്ങൾക്ക് പോകുന്നവരും കൊവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണം. ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം രാത്രി ഏഴ് മണി വരെ മാത്രം. രാത്രി ഒമ്പത് വരെ പാർസൽ നൽകാം.

വ്യാപാര സ്ഥാപനങ്ങളിൽ സാനിറ്റൈസർ, മാസ്ക്, സാമൂഹിക അകലം എന്നിവ കർശനമായി പാലിക്കുന്നുണ്ടോയെന്ന് സെക്ടറൽ മജിസ്ട്രറ്റുമാരും ആർ. ആർ. ടി മാരും പരിശോധിക്കും. പ്രോട്ടോകോൾ ലംഘനം കണ്ടാൽ രണ്ടു ദിവസമോ അതിലധിമോ ദിവസം കട അടപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.

Advertisement
Advertisement