സംസ്ഥാനത്ത് ലോക്ക്ഡൗൺ രണ്ടാം ദിവസം; പഴുതടച്ച നടപടികളുമായി പൊലീസ്, പാസ് നൽകിത്തുടങ്ങി
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ രണ്ടാം ദിവസത്തിലേക്ക്. പൊലീസ് പരിശോധന കർശനമാക്കുകയാണ്. തമിഴ്‌നാട്ടിൽ നിന്ന് ഊടുവഴികളിലൂടെ ആളുകൾ കേരളത്തിലേക്ക് കടക്കുന്നുണ്ട്. പാലക്കാട് അതിർത്തിയിൽ സുരക്ഷ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം അടിയന്തരാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് പൊലീസ് പാസ് നൽകിത്തുടങ്ങി. നിശ്ചിത സ്ഥലത്തേക്ക് നിശ്ചിത സമയത്ത് പോയി വരാനുള്ള പാസാണ് നൽകുന്നത്. ആ സ്ഥലത്തേക്ക് മാത്രമേ യാത്ര പാടുള്ളൂ. പാസ് ലഭിക്കുന്ന വ്യക്തിക്കു മാത്രമാണ് യാത്ര. മറ്റൊരാളെ കൂട്ടാനാവില്ല.
പാസ് കൈവശമില്ലാത്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും.അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, രോഗിയെ ചികിത്സയ്ക്കായി കൊണ്ടുപോകൽ മുതലായവയ്ക്കു മാത്രമേ ജില്ലവിട്ട് യാത്ര അനുവദിക്കൂ. വാക്സിനേഷനു പോകുന്നവർക്കും അത്യാവശ്യസാധനങ്ങൾ വാങ്ങാൻ തൊട്ടടുത്തുളള കടകളിൽ പോകുന്നവർക്കും സത്യവാങ്മൂലം മതി.
പാസ് ലഭിക്കാൻ
- പൊലീസിന്റെ pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റ് ഉപയോഗിക്കുക
- 'പാസ് ' എന്നതിനു താഴെ പേര്, വിലാസം, വാഹനത്തിന്റെ നമ്പർ, പോകേണ്ട സ്ഥലം, തീയതി, സമയം, മൊബൈൽ നമ്പർ നൽകണം
- അവശ്യ വിഭാഗത്തിലെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്കും വീട്ടുജോലിക്കാർ, തൊഴിലാളികൾ എന്നിവർക്കും അപേക്ഷിക്കാം. ഇവർക്കുവേണ്ടി തൊഴിൽദായകർക്കും അപേക്ഷിക്കാം.
- വീട്ട് ജോലിക്ക് പോകുന്നവർ പോകുന്ന വീട് കാണിച്ച് അപേക്ഷിക്കണം. വീട്ടുടമയ്ക്കും പാസെടുത്ത് നൽകാം.
- വെബ്‌സൈറ്റിൽ നിന്നു പാസ് ഡൗൺലോഡ് ചെയ്യാം.
- പാസിനോടൊപ്പം തിരിച്ചറിയൽ കാർഡും കരുതണം.