കൊവിഡിനിടയിലെ കൊള്ള! അൻവർ മെമ്മോറിയലിനെതിരെ വീണ്ടും പരാതി, പത്ത് ദിവസത്തെ ആശുപത്രി വാസത്തിന് ഈടാക്കിയത് 1,67, 381 രൂപ, അഞ്ച് ദിവസത്തെ പിപിഇ കിറ്റിന് 37,352 രൂപ

Sunday 09 May 2021 11:54 AM IST

കൊച്ചി: ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി കൂടുതൽ രോഗികൾ രംഗത്ത്. കൊവിഡ് ചികിത്സയ്ക്ക് കഴുത്തറപ്പൻ ഫീസ് ഈടാക്കിയെന്നാണ് പരാതി. ഹൈക്കോടതി നിർദേശങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടാണ് ആശുപത്രി കൊള്ളലാഭം കൊയ്യുന്നത്.

അഞ്ച് ദിവസത്തെ പിപിഇ കിറ്റിന് തൃശൂർ സ്വദേശിയായ രോഗിയിൽ നിന്ന് 37,352 രൂപയാണ് ഈടാക്കിയത്. 1,67,381 രൂപയാണ് പത്ത് ദിവസം ആശുപത്രി വാസത്തിന് അൻസൻ എന്ന രോഗിയ്ക്ക് കൊടുക്കേണ്ടിവന്നത്.കഴിഞ്ഞ ദിവസം ആശുപത്രിയ്ക്കെതിരെ ചിറ്റൂര്‍ വടുതല സ്വദേശി സബീന സാജു എന്ന വീട്ടമ്മ രംഗത്തെത്തിയിരുന്നു. 23 മണിക്കൂര്‍ കൊവിഡ് ചികിത്സയ്ക്ക് ഇവരോട് 24,760 രൂപയാണ് വാങ്ങിയത്.

ഏപ്രിൽ പതിനെട്ടാം തീയതിയാണ് സബീന സാജുവിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് സര്‍ക്കാർ പട്ടികയിലുള്ള ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശനം നേടി. ആദ്യം അമ്പതിനായിരം ആശുപത്രിയുടെ അക്കൗണ്ടില്‍ അടച്ചതോടെ ആണ് രോഗിയെ സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായത്. ആശുപത്രിയിലെത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഡോക്‌ടര്‍മാരോ നഴ്‌സുമാരോ മുറിയിലേക്ക് തിരിഞ്ഞുനോക്കിയില്ല.

ഡോളോ ഗുളികയും രാത്രിയിൽ കഞ്ഞിയും മാത്രമാണ് സബീനയ്‌ക്ക് ആശുപത്രിയിൽ നിന്ന് നൽകിയത്. പിറ്റേദിവസം ഉച്ചയായിട്ടും ഡോക്‌ടര്‍മാര്‍ എത്താതായതോടെ ബന്ധുക്കളെ വിവരം അറിയിച്ചു. ഇതോടെ ബന്ധുക്കളുടെ മറ്റൊരു ആശുപത്രിയിലേക്ക് സബീനയെ മാറ്റി. ബില്ല് കണ്ടപ്പോഴാണ് കുടുംബം ഞെട്ടിയത്.24,760 രൂപ!

പി പി കിറ്റിന് മാത്രം 10416 രൂപ, രാത്രി നൽകിയ കഞ്ഞിയ്‌ക്ക് 1380 രൂപ, ഡോളോയ്‌ക്ക് 24 രൂപയുമാണ് വാങ്ങിയത്.വീട്ടമ്മ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ മുഴുവന്‍ പണവും തിരികെ നല്‍കി പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആശുപത്രി അധികൃതർ ശ്രമം നടത്തിയിരുന്നു.