എസി റൂമിലിരുന്ന് എന്തും വിളിച്ചു പറയാൻ എളുപ്പമാണ്, റിസ്‌കെടുത്താണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്; ശ്രീജിത്ത് പണിക്കർക്കെതിരെ പരാതി നൽകി രേഖ

Sunday 09 May 2021 2:27 PM IST

തിരുവനന്തപുരം: ശ്രീജിത്ത് പണിക്കർക്കെതിരെ ആലപ്പുഴ പുന്നപ്ര പൊലീസിൽ പരാതി നൽകി സന്നദ്ധ പ്രവർത്തക രേഖ പി മോൾ. ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച സംഭവത്തെ പരിഹസിച്ചുള്ള ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പിനെതിരെയാണ് രേഖ പരാതി നൽകിയത്.

' ആംബുലൻസ് ഓടിയെത്താനുള്ള സമയമായ 10 മിനിറ്റ് കാത്തിരുന്നാൽ രോഗി ജീവനോടെയിരിക്കില്ലെന്ന ഭയമാണ് അത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചതെന്ന് രേഖ പറയുന്നു.ബൈക്കിൽ മരണാസന്നനായ രോഗിയെ കൊണ്ടു പോയതിനെ ബ്രെഡ്ഡിലെ ജാമിന്റെ അവസ്ഥ എന്നൊക്കെ ഒരു മനുഷ്യനെങ്ങനെയാണ് ഉപമിക്കാനാവുന്നതെന്നും യുവതി ചോദിക്കുന്നു. കൊണ്ടു പോയില്ലായിരുന്നെങ്കിൽ വിമർശിക്കുന്ന ഇതേ ആൾ മറ്റൊന്നായിരിക്കില്ലേ പറയുകയെന്നും അവർ കൂട്ടിച്ചേർത്തു.

എസി റൂമിലിരുന്ന് എന്തും വിളിച്ചു പറയാൻ എളുപ്പമാണ്. റിസ്‌കെടുത്താണ് ഞങ്ങൾ ഓരോ കാര്യങ്ങളും ചെയ്യുന്നത്. സന്നദ്ധ പ്രവർത്തനത്തിന് മുന്നോട്ടു വരുന്ന സ്ത്രീകളെ ആകമാനം അപമാനിക്കുന്ന പ്രസ്താവനയാണ് ശ്രീജിത്ത് പണിക്കരുടെ ഭാഗത്തു നിന്നുണ്ടായതെന്നും രേഖ വിമർശിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രേഖ.


'ഓടിക്കുന്ന ആളിനും പിന്നിൽ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാൽ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയിൽ ജാം തേച്ചത് സങ്കല്പിക്കുക. വർധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതൽ ലാഭകരം. മെയിന്റനൻസ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതൽ വാഹന ലഭ്യത. പാർക്കിങ് സൗകര്യം. എമർജൻസി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം.ഏറ്റവും പ്രധാനം. ആംബുലൻസിൽ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ ബൈക്കിൽ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും'എന്നായിരുന്നു ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്.