കയറ്റുമതിക്കുതിപ്പ് തുടരുന്നു

Monday 10 May 2021 3:57 AM IST

ന്യൂഡൽഹി: കയറ്റുമതിയിൽ ലാഭക്കുതിപ്പ് തുടർന്ന് ഇന്ത്യ. ഏപ്രിലിൽ 197.03 ശതമാനം വളർന്ന വാണിജ്യാധിഷ്‌ഠിത കയറ്റുമതി ഈമാസം ഒന്നുമുതൽ ഏഴുവരെ മാത്രം കുറിച്ച നേട്ടം 80 ശതമാനം. 704 കോടി ഡോളർ വരുമാനമാണ് ഈമാസത്തെ ആദ്യവാരത്തിൽ ലഭിച്ചത്. 2020 മേയിലെ ആദ്യവാരത്തിൽ 391 കോടി ഡോളറും 2019 മേയിലെ സമാനകാലത്ത് 648 കോടി ഡോളറുമായിരുന്നു വരുമാനം.

ഇറക്കുമതിച്ചെലവ് കഴിഞ്ഞവർഷം മേയ് ആദ്യ ആഴ്‌ചയിലെ 491 കോടി ഡോളറിൽ നിന്ന് 80.7 ശതമാനം ഉയർന്ന് 886 കോടി ഡോളറിലെത്തി. 2019 മേയ് ആദ്യവാരത്തിലെ ചെലവ് 1,039 കോടി ഡോളറായിരുന്നു. ഈമാസം ഇതുവരെ വ്യാപാരക്കമ്മി (കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരം) 182 കോടി ഡോളറാണ്. ഏപ്രിലിൽ കയറ്റുമതി വരുമാനം 1,017 കോടി ഡോളറിൽ നിന്ന് മൂന്നുമടങ്ങോളം വർദ്ധിച്ച് 3,021 കോടി ഡോളറിലെത്തിയിരുന്നു.

ജെം ആൻഡ് ജുവലറി, കാർപ്പറ്റ്, ജൂട്ട്, ലെതർ, കരകൗശലവസ്‌തുക്കൾ, ഇലക്‌ട്രോണിക്‌സ് ഉത്‌പന്നങ്ങൾ, ഓയിൽ മീൽസ്, കശുഅണ്ടി, എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ, പെട്രോളിയം ഉത്‌പന്നങ്ങൾ, കെമിക്കലുകൾ, സമുദ്രോത്‌പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിലാണ് മികച്ച വളർച്ചയുള്ളത്. കഴിഞ്ഞമാസം ഇറക്കുമതി 166 ശതമാനം വളർന്നിരുന്നു. ഇതോടെ വ്യാപാരക്കമ്മി 1,524 കോടി ഡോളറിലെത്തി.

Advertisement
Advertisement