സഹോദരന് പിന്നാലെ പിതാവും മരണപ്പെട്ടു, സങ്കടക്കടലിലെ സക്കാരിയ

Sunday 09 May 2021 10:25 PM IST

രാജസ്ഥാൻ റോയൽസിന്റെ യുവ താരം ചേതൻ സക്കാരിയയുടെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചു.

ഭാവ്‌നഗർ: ഐ.പിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ യുവതാരമായ ചേതൻ സക്കാരിയയുടെ ജീവിതത്തിൽ നിന്ന് സങ്കടമൊഴിയുന്നില്ല. ഗുജറാത്തിലെ ഭാവ്‌നഗറിലെ ആശുപത്രിയിൽ കൊവിഡ് ചികിത്സയിലായിരുന്ന ചേതന്റെ പിതാവ് കാഞ്ചിഭായി ഇന്നലെ നിര്യാതനായി. ഐ.പി.എല്ലിന് മുമ്പ് ചേതന്റെ സഹോദരൻ ആത്മഹത്യ ചെയ്തിരുന്നു.

ഐ.പി.എൽ നിറുത്തിവെച്ചതോടെ ചേതൻ വീട്ടിലേക്ക് മടങ്ങിയിരുന്നു. അപ്പോഴാണ് പിതാവ് ആശുപത്രിയലായത്. രാജസ്ഥാൻ റോയൽസിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് അച്ഛന് മികച്ച ചികിത്സ നൽകാനായെന്ന് ചേതൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ വിധി വേട്ടയാടുകയായിരുന്നു.

സഹോദരൻ നഷ്ടപ്പെട്ട വേദനയുമായാണ് ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിക്കാൻ ചേതൻ എത്തിയത്.സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ ചേതൻ കളിക്കുമ്പോഴാണ് സഹോദരൻ ആത്മഹത്യ ചെയ്തത്. എന്നാൽ മരണവാർത്ത കുടുംബാംഗങ്ങൾ ചേതനെ അറിയിച്ചിരുന്നില്ല. ടൂർണമെന്റ് കഴിഞ്ഞപ്പോഴാണ് ചേതൻ വിവരം അറിയുന്നത്.

ഈ പ്രതിസന്ധി ഘട്ടത്തിൽ ചേതനും കുടുംബത്തിനും സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് രാജസ്ഥാൻ റോയൽസ് ടീം അറിയിച്ചു.

Advertisement
Advertisement