മാദ്ധ്യമ പ്രവർത്തകർക്ക് സുരക്ഷാകവചം അകലെ

Sunday 09 May 2021 11:14 PM IST

തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ ദുരന്തമുഖത്ത് വാർത്താ ശേഖരണം നടത്തുന്ന സംസ്ഥാനത്തെ മാദ്ധ്യമ പ്രവർത്തകർക്ക് സുരക്ഷാ കവചം അകലെ. കർത്തവ്യ നിർവഹണത്തിനിടെ കൊവിഡിന്റെ പിടിയിലാകുന്ന മാദ്ധ്യമപ്രവർത്തകരിലെ ഒടുവിലത്തെ രക്തസാക്ഷിയാണ് ഇന്നലെ വിടവാങ്ങിയ മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻചന്ദ്.

കൊവിഡ് വിതയ്ക്കുന്ന ദുരിതങ്ങളുടെ ചിത്രം മാത്രമല്ല, ജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകളും അധികാര സ്ഥാനങ്ങൾ അറിയേണ്ട പോരായ്മകളും എത്തേണ്ട സ്ഥലത്തെത്തിക്കുന്ന ഭാരിച്ച ഉത്തരവാദിത്വം കൂടിയാണ് മാദ്ധ്യമപ്രവർത്തകർ നിർവഹിക്കുന്നത്. കേരളത്തിൽ നൂറുകണക്കിന് മാദ്ധ്യമപ്രവർത്തകർക്ക് രോഗബാധയുണ്ടായിട്ടും ഈ മേഖലയിലെ പ്രവർത്തകരെ കൊവിഡ് മുന്നണിപ്പോരാളികളായി പരിഗണിക്കുകയോ വാക്സിൻ ലഭ്യമാക്കുകയോ ചെയ്യാൻ ഒരു നടപടിയുമില്ല.

രാജത്തെ പന്ത്രണ്ടോളം സംസ്ഥാനങ്ങൾ മാദ്ധ്യമപ്രവർത്തകരെ കൊവിഡ് മുന്നണിപ്പോരാളികളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കേരള പത്രപ്രവർത്തക യൂണിയൻ കത്ത് നൽകിയിരുന്നു. നടപടിക്ക് അദ്ദേഹം ആരോഗ്യ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം.

അടിയന്തര നടപടി വേണം: വി.മുരളീധരൻ


ശരിയായ വിവരകൈമാറ്റം കൊവിഡ് പോരാട്ടത്തിൽ പ്രധാനമാണെന്നും, മഹാമാരിക്കെതിരായ പോരാട്ടത്തിൽ മാദ്ധ്യമപ്രവർത്തനം യുദ്ധസമാനമാണെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ. ഈ യുദ്ധരംഗത്ത് ജീവൻ പണയം വച്ച് ജോലി ചെയ്യുന്നവരാണ് മാദ്ധ്യമപ്രവർത്തകർ. അവർക്ക് പ്രതിരോധകവചം നൽകിയേ മതിയാകൂ. ഇക്കാര്യത്തിൽ വീഴ്ച പാടില്ലെന്ന് സംസ്ഥാന സർക്കാരിനോട് അദ്ദേഹം അഭ്യർത്ഥിച്ചു.

Advertisement
Advertisement