കുരുന്നുകൾക്ക് വീണ്ടും ഫോണിൽ കഥാവിരുന്നൊരുക്കി ഹരീഷ് മാഷ്

Sunday 09 May 2021 11:19 PM IST

കൊച്ചി:രണ്ടാം ലോക്ക്ഡൗണിലും ഹരീഷ് മാഷ് വാട്സ് ആപ്പിൽ കഥപറയും.

കുട്ടികൾക്കുവേണ്ടി കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ആരംഭിച്ചതാണ് എറണാകുളം രാമമംഗലം ഹൈസ്കൂളിൽ മലയാളം അദ്ധ്യാപകനായ ഹരീഷ് എം. നമ്പൂതിരിപ്പാടിന്റെ കഥപറച്ചിൽ.

ചെറുപ്പം മുതൽ എഴുതിക്കൂട്ടിയ കുട്ടിക്കഥകൾ സ്വന്തം ശബ്ദത്തിൽ അവതരിപ്പിച്ച് രാമമംഗലം സ്കൂളിലെ വിദ്യാർത്ഥികൾക്ക് അയച്ചു കൊടുത്തായിരുന്നു തുടക്കം. സംഗതി ഹിറ്റായി. മറ്റു ജില്ലകളിലെ കുട്ടികളും കൂട്ടത്തിൽ ചേർന്നു. 400 ദിവസം കൊണ്ട് 260 കഥകൾ പറഞ്ഞു. രണ്ടാം ലോക്ക് ഡൗണും വന്നതോടെ കുട്ടികൾ കൂടുതൽ കഥകൾ ആവശ്യപ്പെടുകയാണ്.

എല്ലാ കഥകളിലും കുട്ടികളിൽ ശുചിത്വശീലവും പൗരബോധവുമൊക്കെ വളർത്താനുതകുന്ന ഗുണപാഠങ്ങളും ഉണ്ടാകും. മുത്തശ്ശിക്കഥകളിലെ ഭൂതവും ചെകുത്താനും പോലെ 'കൊറോണച്ചാത്ത'നിലൂടെയാണ് ശുചിത്വ സന്ദേശം നൽകിയത്. സോപ്പും സാനിറ്രൈസറും മാസ്കുമൊക്കെ കഥയിൽ വിഭവങ്ങളായി. കൈ കഴുകേണ്ടതിന്റെ ആവശ്യകതയും സാമൂഹി​കാകലം പാലിക്കേണ്ടതിനെക്കുറിച്ചും ശക്തമായ സന്ദേശങ്ങൾ കൊറോണച്ചാത്തൻ നൽകി. തിരഞ്ഞെടുപ്പ് കാലത്ത് ജനാധിപത്യ സംവിധാനങ്ങളെക്കുറിച്ച് ലളിതമായി വിശദീകരിക്കുന്ന കഥകളുമുണ്ടായിരുന്നു.

 വീണ്ടുമൊരു ലോക്ക് ഡൗൺ വന്നതുകൊണ്ട് കുട്ടികൾക്ക് കഥകളിലൂടെയും കവിതകളിലൂടെയും വിനോദവും വിജ്ഞാനവും പകർന്ന് നൽകാനാണ് തീരുമാനം. കഴിയുന്നത്ര ദിവസം തുടരണം.

ഹരീഷ് എം. നമ്പൂതിരിപ്പാട്

വാട്സ് ആപ്പ്: 7558837176

Advertisement
Advertisement