മൂവാറ്റുപുഴയ്ക്കു സമീപം മിന്നലേറ്റ് ഒരു മരണം, ആറു പേർക്ക് പരിക്ക്

Sunday 09 May 2021 11:21 PM IST

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ ആട്ടായത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, ആറു പേർക്ക് പരിക്കേറ്റു. ആട്ടായം തച്ചനോടിയിൽ ടി.എ. മനൂബ് (34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആട്ടായം മഠത്തികുന്നേൽ എം.എം. ജിജോ (42)യെ കോലഞ്ചേരി മെഡിക്കൽ കോളേജിലും മഠത്തിക്കുന്നേൽ എം.എം. ജോജോ (36), മഠത്തികുന്നേൽ എം.എം. ജിജി (39), പാപ്പനേത്ത് നിതീഷ് കുമാർ (29), തെരുവംകുന്നേൽ ജോബി (40), വാഴക്കാലായിൽ രാജു (52) എന്നിവരെ മൂവാറ്റുപുഴ എം.സി.എസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6 മണിയോടെ തടിപ്പണി കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം മഴയും ഇടിയും ഉണ്ടായതിനെ തുടർന്ന് റബർ തോട്ടത്തിലെ ഷെഡ്ഡിൽ കയറി നിൽക്കുമ്പോഴാണ് മിന്നലേറ്റത്. ഓടിക്കൂടിയ നാട്ടുകാർ ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മനൂബിന്റെ ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് നടക്കും. അഖിലയാണ് മനൂബിന്റെ ഭാര്യ. അബിയ (5) ഏക മകളാണ്.

Advertisement
Advertisement