വേനൽ മഴ ശക്തമായി തുടരും

Sunday 09 May 2021 11:44 PM IST

തിരുവനന്തപുരം: പത്ത് വർഷത്തിനിടെ ഏറ്റവും കൂടുതൽ മഴ കിട്ടിയ വേനൽക്കാലം തീരാൻ മൂന്നാഴ്ച ബാക്കി നിൽക്കേ വരും ദിനങ്ങളിലും സംസ്ഥാനത്ത് നല്ല മഴ ലഭിക്കും. ‌ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 28 ശതമാനം അധിക വേനൽ മഴയാണ് ലഭിച്ചത്.185.9 മില്ലി മീറ്റർ പ്രതീക്ഷിച്ചപ്പോൾ 237.5 മില്ലി മീറ്റർ ലഭിച്ചു.

കിഴക്കൻ കാറ്റിന്റെ ശക്തി വർദ്ധിച്ചതും ഈർപ്പമുള്ള വായു പ്രവാഹം കൂടിയതും സമുദ്രോപരിതലം തണുപ്പിക്കുന്ന ലാനിന പ്രതിഭാസം സജീവമാകാത്തതുമാണ് കൂടുതൽ വേനൽ മഴകിട്ടാൻ കാരണമായത്. കേരളതീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ്ദ പാത്തി കടന്നു പോകുന്നതും ഇടയ്ക്ക് ബംഗാൾ തീരത്തുണ്ടായ ന്യൂനമർദ്ദവും അളവിൽ കൂടുതൽ മഴയ്ക്ക് കാരണമായി.

തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,കോട്ടയം,എറണാകുളം,കണ്ണൂർ,കാസർകോട് ജില്ലകളിൽ വരും ദിവസങ്ങളിലും കൂടുതൽ മഴ ലഭിക്കും. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് - 84 ശതമാനം അധികം.

കാലവർഷം ജൂൺ ആദ്യമെത്തും

തെക്ക് പടിഞ്ഞാറൻ കാലവർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇത്തവണ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നും പറയുന്നു.

യെല്ലോ അലർട്ട്,മത്സ്യ ബന്ധനം പാടില്ല

ശത്മായ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് കൊല്ലത്തും നാളെ ഇടുക്കി ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒരാഴ്ച്ചക്കുള്ളിൽ അറബിക്കടലിൽ പുതിയൊരു ന്യൂനമർദ്ധ സാധ്യതയുമുണ്ട്.ഇന്നും നാളെയും തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട എന്നിവിടങ്ങളിൽ വൈകുന്നേരം ശക്തമായ ഇടിമിന്നലിനും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യതയുണ്ട്.കേരള കർണാടക തീരങ്ങളിലും ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ മത്സ്യബന്ധനം പാടില്ല.

Advertisement
Advertisement